നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനസജ്ജമാകാതെ അയിലൂര്‍ ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനം. വാതക ശ്മശാനത്തിന് ആവശ്യമായ അനുമതി വിവിധ വകുപ്പുകളില്‍നിന്നും ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇതിന്റെ ഉദ്ഘാടനം നടത്തിയത്. തങ്ങളുടെ ഭരണനേട്ടം എന്ന നിലയിലാണ് വാതകശ്മശാനം ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്ത് 75 ലക്ഷം, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം, അയിലൂര്‍ ഗ്രാമപഞ്ചായത്ത് 25 ലക്ഷം എന്നിങ്ങനെയാണ് തുക വഹിച്ചത്. നിര്‍മാണ ആവശ്യത്തിനുള്ള താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ മാത്രമാണ് ലഭിച്ചത്. വാതകശ്മശാന പ്ലാന്റിലേക്കുള്ള സ്ഥിരം വൈദ്യുത കണക്ഷന്‍ ഇനിയും ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത.
ലക്ഷങ്ങള്‍ വിലപിടിപ്പുള്ള 15 കെവിഎ ഡീസല്‍ ജനറേറ്റര്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. ചുറ്റുമതില്‍, അപ്രോച്ച് റോഡ്, പ്രവേശന കവാടം എന്നിവയുടെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഗേറ്റും സ്ഥാപിച്ചിട്ടില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന നേട്ടം എന്ന നിലയിലാണ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക