പുനലൂര്‍: കാലാവസ്ഥ വ്യതിയാനങ്ങളിലും കര്‍മ്മനിരതമായി കര്‍മ്മമേഖലയില്‍ സജീവമാണ് കെഎസ്ഇബി ജീവനക്കാര്‍. കാലവര്‍ഷമെത്തിയതോടെ വൈദ്യുതി തകരാറുകളും നിത്യസംഭവം ആകുമ്പോള്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സേവനം ഏറെയാണ്. എന്നാല്‍ ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് യാതൊരു സുരക്ഷയുമില്ല എന്നതാണ് ഏറെ ഖേദകരം.
ജീവനക്കാര്‍ക്ക് ഒപ്പം കരാര്‍ തൊഴിലാളികളായി ദിവസ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍ ഏറെയാണ്. ഏതു കാലാവസ്ഥയിലും തൊഴില്‍ എടുക്കുന്ന ഇക്കൂട്ടര്‍ക്ക് സുരക്ഷയ്ക്കായി ഉള്ളത് ഗ്ലൗസും, എര്‍ത്ത് പൈപ്പും മാത്രമാണ്. എന്നാല്‍ ബ്രേക്കറുകളുടെ തകരാറുകള്‍ യഥാസമയം പരിഹരിക്കാത്തതിനാല്‍ ഓഫ് ചെയ്ത ലൈനുകളില്‍ പണിയെടുക്കുന്നവര്‍ക്ക് ജനറേറ്ററുകളില്‍ നിന്നും മറ്റും ഷോക്കേല്‍ക്കാറുണ്ട്. കരാര്‍ ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും, മറ്റ് ഇന്‍ഷ്വറന്‍സ് പരിരക്ഷയോ പലപ്പോഴും കിട്ടാറില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അപകടങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റുള്ളവരുടെ തലയില്‍ കുറ്റം ആരോപിച്ച് കൈയൊഴിയുകയാണ് അധികൃതരുടെ പതിവ്. വെള്ളക്കെട്ടിലും, കാടുമൂടിയ സ്ഥലങ്ങളിലും പണിയെടുക്കുന്ന തൊഴിലാളിക്ക് എന്തെങ്കിലും സംഭവിച്ചാലും തുശ്ചമായ തുകയാണ് കിട്ടുക. മഴക്കാലമെത്തിയാല്‍ ഉപഭോക്താക്കളില്‍ നിന്നും ഏറെ പഴി ലഭിക്കുന്നതും ഇക്കൂട്ടര്‍ക്ക് തന്നെയാണ്.
വൈദ്യുതി വകുപ്പിലെ സുരക്ഷിതത്വ സാമഗ്രികളുടെ അഭാവവും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം കരാര്‍ ജീവനക്കാരായ നിരവധി ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: