ന്യൂദല്‍ഹി: കേരളാ ഹൗസില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി വിളിച്ചുചേര്‍ത്തത് വിവാദമായി. ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ അതിഥി മന്ദിരം പാര്‍ട്ടി പരിപാടിക്കായി വിട്ടുനല്‍കുന്നത്. റസിഡന്‍സ് കമ്മിഷണര്‍ക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദം വന്നതോടെയാണ് കേരളാ ഹൗസ് കോണ്‍ഫറന്‍സ് ഹാള്‍ ഡിവൈഎഫ്ഐക്ക് നല്‍കിയത്. നിലവിലെ ചട്ടങ്ങളും തീരുമാനങ്ങളും ലംഘിച്ചുകൊണ്ടാണ് റസിഡന്‍സ് കമ്മിഷണറുടെ നടപടി.
സര്‍ക്കാര്‍ പരിപാടികളും സാംസ്കാരിക പരിപാടികളും മാത്രമാണ് കേരളാ ഹൗസില്‍ നടത്താന്‍ അനുവദിക്കുന്നത്. എന്നാല്‍, ഡിവൈഎഫ്ഐ കേന്ദ്ര സമിതി കേരളാ ഹൗസില്‍ നടത്തിയത് നിയമവിരുദ്ധമാണെന്നാണ് പരാതി. ഇത്തരത്തില്‍ കേരളാഹൗസിലെ സിപിഎം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മലയാളി സംഘടനകള്‍ ആരോപിച്ചു. ഡിവൈഎഫ്ഐക്ക് നല്കിയതു പോലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരിപാടികള്‍ നടത്താന്‍ കേരളാ ഹൗസ് അനുവദിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് അഡ്വ. ജോജോ ജോസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: