ലോക ഇന്റര്‍നെറ്റ് ദിനത്തില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് രാജ്യം നന്ദി പറയുന്നു. കോടിക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനവും ജോലിക്കാര്‍ക്ക് തൊഴിലും നഷ്ടമാകാതെ വന്നത് ഈ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയിലൂടെ ഇന്റര്‍നെറ്റിനെ സര്‍ക്കാര്‍ വിനിയോഗിച്ചതിനാലാണ്.
മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചിട്ട് ഇന്ന് ആറ് വര്‍ഷവും രണ്ട് മാസവും 26 ദിവസവും തികയുമ്പോള്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 62.4 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ വര്‍ധന 4.7 കോടി (8.2 ശതമാനം വര്‍ദ്ധന). ജനസംഖ്യാനുപാതികമായി ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വര്‍ധനവിന്റെ നിരക്ക് കണക്കാക്കുന്ന ഇന്റര്‍നെറ്റ് പെനട്രേറ്റിങ് റേറ്റ് 45 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഈ നിരക്കില്‍ വന്‍ കുതിപ്പാണുണ്ടായതെന്ന് ലോകത്തിലെ ഒന്നാംകിട ബിസിനസ് ഡാറ്റാ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റ വിലയിരുത്തുന്നു.
ഇന്ത്യയില്‍ ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ശരാശരി ഉപഭോഗം പ്രതിമാസം 13,462 മെഗാബൈറ്റ് വരും. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 516.87 കോടിയാണ് ലോകജനസംഖ്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം.
ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ 2015 ജൂലായ് രണ്ടിനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആരംഭിച്ചത്. രാജ്യത്ത് എല്ലായിടത്തും എല്ലാവരിലും ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുകയും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി. ആറ് വര്‍ഷം ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അതിവേഗത്തിലായിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ടനുഭവപ്പെടുന്ന വിധത്തില്‍ രാജ്യത്തിന്റെ എല്ലാഭാഗത്തും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഏര്‍പ്പെടുത്തുകയും വിവിധ ജനസേവന സംവിധാനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തു.
ഇതിന്റെ ഗുണഫലം രാജ്യം കണ്ടറിഞ്ഞത് 2020 മാര്‍ച്ച് മാസം മുതല്‍ നേരിട്ട കൊവിഡ് വ്യാപന വേളയിലായിരുന്നു. വീട്ടിലടച്ചിരിക്കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ഭരണയന്ത്രത്തിന്റെ പ്രവര്‍ത്തനം മുതല്‍ ഓരോ വീട്ടിലും ഭക്ഷ്യവസ്തുക്കളെത്തുന്നതിന് വരെ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെട്ടു. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരുന്നില്ലെങ്കില്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പതിന്മടങ്ങാകുമായിരുന്നു.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ നടപ്പാക്കിയ പ്രധാന സംവിധാനങ്ങള്‍
- ഡിജി ലോക്കര്‍- പൗരന്മാര്‍ക്ക് അവരുടെ വ്യക്തിപരമായ രേഖകളും ഗവണ്‍മെന്റ് ഏജന്‍സികള്‍ നല്‍കിയിട്ടുള്ള രേഖകളും മറ്റു ഡിജിറ്റല്‍ സംഗതികളും സൂക്ഷിച്ചു വയ്‌ക്കാനുള്ള ഓണ്‍ലൈന്‍ സ്റ്റോറേജ് സംവിധാനം.
- ഇ സഞ്ജീവനി- രോഗികള്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഡോക്ടറുമായി നേരില്‍ സംസാരിച്ച് ചികിത്സ തേടാനുള്ള സംവിധാനം.
- ഇ ഹോസ്പിറ്റല്‍- രോഗികള്‍ക്ക് സ്‌പെഷ്യാലിറ്റി ഗവണ്‍മെന്റ് ആശുപത്രികളില്‍ ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ് ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുന്ന സംവിധാനം.
- ഇ സൈന്‍- ഓരോ ആധാര്‍ കാര്‍ഡ് ഉടമയ്‌ക്കും രേഖകള്‍ ഡിജിറ്റലായി സൈന്‍ ചെയ്യാനുള്ള സൗകര്യം നല്‍കുന്നു. ഇത് പ്രത്യേക സേവനങ്ങള്‍ നല്‍കാനുള്ള ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാല്‍ മതിയാകും.
- മൈ ഗവ്- പൗരന്മാരെ ഡിജിറ്റല്‍ ഇന്ത്യ സേവനങ്ങള്‍ക്ക് സജ്ജമാക്കുന്നതിനും അവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുന്നതിനുമുള്ള മൊബൈല്‍ ആപ്പ്.
- നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍- എല്ലാ സര്‍ക്കാര്‍ സ്‌കോളര്ഷിപ്പുകളും ഒറ്റ വെബ്സൈറ്റിന് കീഴില്‍.
- ഡിജിറ്റൈസ് ഇന്ത്യ പ്ലാറ്റ്‌ഫോം- ഭൗതിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനും റെക്കോര്‍ഡ് റൂമുകളിലെ ഫയലുകളുടെ കൂമ്പാരം കുറയ്‌ക്കുന്നതിനുമുള്ള സംവിധാനം.
- കര്‍ഷകര്‍ക്ക്: കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റ് വഴി ലോകവിപണിയുമായി നേരിട്ട് ബന്ധം. ഇവ ചിലതുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: