ബാഴ്സലോണ: മെസ്സിയില്ലാത്ത ബാഴ്സലോണയുടെ കാര്യം കഷ്ടത്തില്‍ തന്നെയാണ്. സ്പാനിഷ് ലീഗില്‍ ഉയിര്‍പ്പ് തേടി കളത്തിലിറങ്ങിയ അവര്‍ ബുധനാഴ്ച രാത്രി വൈകി നടന്ന കളിയിലും തോറ്റു. റയോ വയ്യക്കാനോയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തത്. ലീഗില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ ബാഴ്സയുടെ മൂന്നാം തോല്‍വിയായിരുന്നു ഇത്. മത്സരത്തിനിടെ മെംഫിസ് ഡിപേ പെനാല്‍റ്റി കൂടി നഷ്ടപ്പെടുത്തിയതോടെ അനിവാര്യമായ പരാജയം അവര്‍ ഏറ്റുവാങ്ങുകയും ചെയ്തു. കളിയുടെ 30-ാം മിനിറ്റില്‍ ഫാല്‍ക്കോയാണ് വയ്യക്കാനോയുടെ വിജയ ഗോള്‍ നേടിയത്. കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടും ബാഴ്സ തോറ്റിരുന്നു. 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്റ് മാത്രം സ്വന്തമാക്കിയ ബാഴ്സ നിലവില്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങിയെങ്കിലും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഒസാസുനയാണ് എവേ മത്സരത്തില്‍ റയലിനെ ഗോള്‍രഹിത സമനിയില്‍ തളച്ചത്. 10 കളികളില്‍ നിന്ന് 21 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. സെവിയ-മയോര്‍ക്ക.കളിയും സമനിലയിലായി. ഇരുടീമുകളും ഓരോ ഗോളടിച്ചു. 21 പോയിന്റുമായി െസവിയ രണ്ടാം സ്ഥാനത്താണ്. വലന്‍സിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് 21 പോയിന്റുമായി റയല്‍ ബെറ്റിസ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
കോമാനെ പുറത്താക്കി ബാഴ്സ
ബാഴ്സലോണ: തുടര്‍തോല്‍വികളില്‍ നിന്ന് ടീമിനെ കരകയറ്റാന്‍ കഴിയാത്ത ഡച്ച് പരിശീലകന് റൊണാള്‍ഡ് കോമാനെ ബാഴ്സലോണ പുറത്താക്കി. കോമാന് പകരക്കാരനായി ക്ലബ്ബിന്റെ ഇതിഹാസതാരങ്ങളിലൊരാളായ സാവി ഹെര്‍ണാണ്ടസ് പരിശീലകനായി ചുമതലയേല്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണിലാണ് കോമാന് ബാഴ്സയുടെ പരിശീലകനായി സ്ഥാനമേറ്റത്.
കഴിഞ്ഞ ഞായറാഴ്ച എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോടും കഴിഞ്ഞ ദിവസം റയോ വല്ലക്കാനോയുമായുള്ള മത്സരത്തിലും തോറ്റതോടെയാണ് കോമാനെ പുറത്താക്കാന്‍ ക്ലബ് തീരുമാനിച്ചത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കാറ്റാലന്‍ ക്ലബ്ബിന് വിജയിക്കാനായത്. ഈ സീസണില്‍ വളരെ പരിതാപകരമാണ് ബാഴ്സയുടെ അവസ്ഥ.
കോമാന് പകരക്കാരനാകാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനാണ്. ഇടക്കാല പരിശീലകനായി ബി ടീം കോച്ച് സെര്‍ജി ബാറുവാനെ നിയമിതനാകും. ദുര്‍ബലരായ എതിരാളികളോടുപോലും തോല്‍ക്കുന്ന ബാഴ്സയുടെ സ്ഥിതിയാണ് കോമാന്റെ പുറത്താകലിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: