ഒരിടവേളയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയത്തിലെ ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം. ദര്‍ശനാ എന്ന ഗാനമാണ് നാലുദിവസാമായി യുട്യൂബ് ട്രെന്റിംഗ് മ്യൂസിക്കില്‍ ഒന്നാമതായി തുടരുന്നത്. തിംഗ് മ്യൂസിക്കിന്റെ ചാനലില്‍ ഇതുവരെ വീഡിയോ കണ്ടത് 51 ലക്ഷത്തിലധികം പേരാണ്.
അരുണ്‍ ആലത്തിന്റെ വരികള്‍ക്ക് ഹെഷാം അബ്ദുള്‍ വഹാബാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനത്തില്‍ പ്രണവിനൊപ്പം അഭിനയിച്ചിരിക്കുന്ന ദര്‍ശനാ രാജേന്ദ്രനും ഹെഷാമും ചേര്‍ന്നാണ് ഗാനം പാടിയത്.
ഗാനം ഏറ്റെടുത്തതില്‍ പ്രണവ് ആരാധകരോട് നന്ദി പറഞ്ഞു. പഴയ കാല മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന അഭിനയമാണ് പ്രണവ് ഗാനരംഗത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. പ്രണവ് നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയം.
ഒരിടവേളയ്ക്ക് ശേഷം സംവിധായകനായി വിനീത് ശ്രീനിവാസന് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. വിനീത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മെരിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമഹ്ണ്യമാണ് നിര്‍മ്മാണം. വിശ്വജിത്ത് ഒടുക്കത്തില്‍ ക്യാമറ ചലിപ്പിക്കുന്നു. പ്രണവിനൊപ്പം കല്ല്യാണി പ്രിയദര്‍ശനും ദര്‍ശനാ രാജേന്ദ്രനും ഹൃദയത്തില്‍ സഹതാരങ്ങളായി എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: