വടകര(കോഴിക്കോട്): വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ എത്തിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനം പൊള്ളത്തരമെന്ന് ആക്ഷേപം. നൂറ്കണക്കിന് സ്കൂളുകള്‍ ബസ് ആവശ്യപ്പെട്ടെങ്കിലും കെഎസ്ആര്‍ടിസി ഒരു മറുപടിയും നല്‍കിയില്ലെന്നാണ് പരാതി. ബസ് ആവശ്യപ്പെട്ട് അതതുപ്രദേശത്തെ ഡിപ്പോകളിലാണ് സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടത്. എന്നാല്‍, ആവശ്യക്കാരുടെ വിവരം ശേഖരിച്ചു ഉന്നത അധികാരികളില്‍ അറിയിച്ചതല്ലാതെ ഇക്കാര്യത്തില്‍ ഒരു നീക്കവുമുണ്ടായിട്ടില്ല. സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സര്‍വീസ് തുടങ്ങതിന് കൃത്യമായ മറുപടി നല്‍കാത്തത് രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്.
കെഎസ്ആര്‍ടിസിക്ക് നിലവിലെ സര്‍വീസ് നടത്താന്‍പോലും പരിമിതമായ ബസ്സുകളാണ് കോഴിക്കോട് ജില്ലയില്‍ ഉള്ളത്. പല ബസുകളും കട്ടപ്പുറത്തായതാണ് കാരണം. സ്കൂളുകള്‍ക്ക് വിട്ടുനല്‍കാന്‍ ബസുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. സ്കൂള്‍ സമയം രാവിലെയും വൈകുന്നേരവും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതിനാല്‍ എങ്ങിനെ ബസ് ഓടിക്കുമെന്ന ധാരണയുമില്ല. ബോണ്ട് അടിസ്ഥാനത്തിലാണ് പണം ഇടക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇളവുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയില്ല.
തൊട്ടില്‍പ്പാലം, വടകര ഡിപ്പോകളില്‍ ബസുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയത് നിരവധി സ്കൂളുകളാണ്. കട്ടപ്പുറത്തായ ബസ്സുകള്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു അറ്റകുറ്റ പണികള്‍ നടത്താനുള്ള ശേഷിയും കെഎസ്ആര്‍ടിസിക്കില്ല. പതിവ് സര്‍വീസുകള്‍ നടത്താന്‍ ബസ്സുകളില്ലാതെ ജീവനക്കാര്‍ നട്ടം തിരിയുമ്പോള്‍ എങ്ങനെ സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ചില ഉന്നത ഉദ്ദ്യോഗസ്ഥര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: