തിരുവനന്തപുരം: പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് നിയന്ത്രിക്കാനും, അവ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിനും സപ്ലൈകോ നടപടികളെടുത്തിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ നിയമസഭയില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യസാധനങ്ങള്‍ സംസ്ഥാനത്തുടനീളമുളള 1506 സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി വിതരണം ചെയ്ത് വരുന്നു. ഏപ്രില്‍ 2016 ന് ശേഷം സബ്സിഡി നിരക്കില്‍ വിതരണം നടത്തുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇ. ചന്ദ്രശേഖരന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പൊതു വിപണിയിലേതിനേക്കാള്‍ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് സബ്സിഡി സാധനങ്ങള്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്ത് വരുന്നത്. ഇത് കൂടാതെ തേയില, മല്ലിപ്പൊടി, മുളക് പൊടി, വെളിച്ചെണ്ണ, പുളി, ഏലം, മഞ്ഞള്‍പ്പൊടി, ഉപ്പ്, ആട്ട എന്നീ ഉല്‍പ്പന്നങ്ങള്‍ സപ്ലൈക്കോയുടെ സ്വന്തം ബ്രാന്‍ഡായ ‘ശബരി’ ബ്രാന്‍ഡില്‍ കര്‍ശന ഗുണ നിലവാര പരിശോധനയ്ക്ക് ശേഷം പൊതു വിപണിയില്‍ വിറ്റു വരുന്നുവെന്നും ജി.ആര്. അനില്‍ മറുപടി വ്യക്തമാക്കി.
ഡിപ്പോ തലത്തിലുള്ള ആവശ്യകത ശേഖരിച്ച്, ഇടെണ്ടര്‍ നടത്തിയാണ് സപ്ലൈകോ അവശ്യ സാധനങ്ങള്‍ വാങ്ങുന്നത്. ഇതിനു പുറമെ, ഇഓക്ഷന്‍ രീതിയും അവലംബിക്കുന്നുണ്ട്. ഇത് മുഖേന വാങ്ങല്‍ നടപടിക്രമങ്ങളില്‍ സുതാര്യത പൂര്‍ണ്ണമായും ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: