ന്യൂഡല്‍ഹി: യുഎന്‍ കണ്വെന്ഷന് ഓണ്‍ ദി ലോ ഓഫ് സീസ് (UNCLOS) പ്രകാരമുള്ള നിയമാധിഷ്ഠിത സമുദ്ര സംവിധാനങ്ങള്‍ പാലിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമൊപ്പം, സ്വന്തം സമുദ്ര താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നുള്ള ദൃഢനിശ്ചയത്തിലുമാണ് ഇന്ത്യ. ഇന്‍ഡോ-പസഫിക് റീജിയണല്‍ ഡയലോഗ് 2021-ല്‍ മുഖ്യപ്രഭാഷണം നടത്തവേ പ്രതിരോധ മന്ത്രിരാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമൃദ്ധിയിലേക്കുള്ള സുസ്ഥിരമായ മുന്നേറ്റത്തിന്, മേഖലയുടെ സമുദ്ര സാധ്യതകള്‍ കാര്യക്ഷമമായും യോജിച്ചും സഹകരിച്ചും വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു.
മനുഷ്യരാശിയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും സമുദ്രങ്ങള്‍ ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ തന്നെ ഭീകരത, കടല്‍ക്കൊള്ള, മയക്കുമരുന്ന് കടത്ത്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളും ഉയരുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളികളോട് യോജിച്ച് പ്രതികരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വിവിധ രാജ്യങ്ങളിലെ വിഷയ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: