കൊല്ലം: കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ കൈകൊണ്ട അച്ചടക്ക നടപടിക്കെതിരെ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യത. നവംബര്‍ 15ന് തുടങ്ങുന്ന ഏരിയാ സമ്മേളനങ്ങളില്‍ ഈ വിഷയങ്ങള്‍ വന്‍ ചര്‍ച്ചയാകും. ഇത്തരത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഞ്ച്തലം മുതല്‍ സമ്മേളന പ്രതിനിധികള്‍. കൂടാതെ പാര്‍ട്ടിയില്‍ നിന്നും കൂട്ടരാജി വരെ പ്രതീക്ഷിക്കാമെന്ന് ചില നേതാക്കളും സൂചിപ്പിച്ചു.
പാര്‍ട്ടിയില്‍ ഉടലെടുത്ത ജീര്‍ണ്ണത തുടര്‍ഭരണം കൂടി ലഭിച്ചതോടെ കൂടുതല്‍ സങ്കീര്‍ണ്ണമായി. നടപടിയും താക്കീതും തരംതാഴ്ത്തലും അടക്കം പുതിയ ചുമതല നല്‍കുന്നതുവരെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പോലെയാണ് സമ്മേളനമെന്ന് ജില്ലാനേതാക്കള്‍ക്ക് വരെ ആക്ഷേപമുണ്ട്. രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ തരം താഴ്ത്തിയപ്പോള്‍ മറ്റൊരു സെക്രട്ടറിയേറ്റ് അംഗമായ ബി. തുളസീധരകുറുപ്പിനെ താക്കീതില്‍ ഒതുക്കിയത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഭാര്യ ജെ. മേഴ്സികുട്ടിയമ്മയുടെ ഇടപെടലിലാണ്. ഇവര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പൊട്ടിത്തെറിച്ചും ചില ഘട്ടങ്ങളില്‍ വികാരാധീനയായും സംസാരിച്ചിട്ടുണ്ടെന്ന് അറിയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആയിരുന്ന വേളയില്‍ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാറും പിബി അംഗം എം.എ ബേബിയും പാര്‍ട്ടി ഓഫീസിലിരുന്ന് ടെലിവിഷന്‍ കാണുകയായിരുന്നു എന്ന മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. മാത്രമല്ല, സീനിയര്‍ സംസ്ഥാന കമ്മിറ്റി അംഗം മത്സരിച്ച മണ്ഡലത്തില്‍ എന്തുകൊണ്ട് ഒരു സംസ്ഥാന കമ്മിറ്റി അംഗം ചുമതലക്കാരനായി വന്നില്ലെന്ന മുന്‍ വിഎസ് പക്ഷക്കാരുടെ ചോദ്യത്തിന് മുന്നിലും ജില്ലാ നേതൃത്വത്തിന് വ്യക്തമായ മറുപടി ഇല്ലാതായി. ഇങ്ങനെ വന്നപ്പോള്‍ തുളസീധരക്കുറുപ്പിന് എതിരെയുള്ള നടപടി മയപ്പെടുത്താന്‍ ജില്ലാ നേതൃത്വവും നിര്‍ബന്ധിതമായി.
തിരക്കേറിയ ഇലക്ഷന് പ്രചാരണ സമയത്ത് നേതാക്കള്‍ ടിവി കണ്ടിരിക്കുന്നതായുള്ള ആക്ഷേപം സിപിഎമ്മില്‍ പുത്തരിയല്ല. 2014 ല്‍ കൊല്ലം ലോക്സഭ സീറ്റില്‍ പിബി അംഗം മത്സരിച്ചപ്പോള്‍ ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി ജില്ലാ ആസ്ഥസനത്ത് ടിവിയില്‍ സ്ഥിരമായി പരമ്പര കണ്ടിരുന്നത് തെരഞ്ഞെടുപ്പ് റിവ്യൂ ഘട്ടത്തില്‍ വിവാദം ആയിരുന്നു. കരുനാഗപ്പള്ളിയില്‍ പി.ആര്. വസന്തനെതിരെ സ്വീകരിച്ച ‘രാജകീയ’ നടപടിയും പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.
ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ വസന്തനെ സ്വന്തം ഏരിയാ പ്രദേശമായ ശൂരനാട് നിന്നും മാറ്റി കരുനാഗപ്പള്ളിയില്‍ വാഴാന്‍ അവസരം നല്കിയതും ഒരു തരത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ധാരണയെന്നാണ് പാര്‍ട്ടി ഘടകം വിലയിരുത്തുന്നത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വസന്തന് നടത്തിയ കൂട്ടുകച്ചവടങ്ങളും മാഫിയാ പ്രവര്‍ത്തനങ്ങളുമാണ് ഇയാള്‍ക്കെതിരെയുള്ള നടപടിക്ക് പാര്‍ട്ടി നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. എന്നാല്‍ നടപടിയുടെ പേരില്‍ കരുനാഗപ്പള്ളി ഏരിയാക്കമ്മിറ്റിയില് വന്ന വസന്തന് കൂടുതല്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: