ന്യൂദല്‍ഹി: കര്‍ണാടകയില്‍ നടക്കുന്ന ആര്‍എസ്എസ്സിന്റ മൂന്നു ദിവസത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഹിന്ദുക്കളെക്കുറിച്ചും അഞ്ചു സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബിജെപി എങ്ങനെ നേരിടുമെന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഈ മാസം 28 മുതല്‍ 30 വരെ കര്‍ണാടകയിലെ ധാര്‍വാഡില്‍ നടക്കുന്ന യോഗം കഴിഞ്ഞ രണ്ട് വര്‍ഷത്തിനു ശേഷം നടക്കുന്ന ആര്‍എസ്എസിന്റ ആദ്യത്തെ നേരിട്ടുള്ള സമ്മേളനമാണ്. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷത്തെ ദേശീയ എക്സിക്യൂട്ടീവ് യോഗം റദ്ദാക്കിയിരുന്നു.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും ഉള്‍പ്പടെ 350 ലധികം ഭാരവാഹികള്‍ ദേശീയ എക്സിക്യൂട്ടീവില്‍ പങ്കെടുക്കും. ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും യോഗത്തിന്റെ ഭാഗമാകും.
ബംഗ്ലാദേശില്‍ ആക്രമണത്തിനിരയായ ഹിന്ദുക്കളെക്കുറിച്ചുള്ള പ്രമേയവും യോഗം ചര്‍ച്ചയ്ക്കെടുക്കുമെന്ന് ആര്‍എസ്എസ് പ്രതിനിധികള്‍ പറഞ്ഞു. ദുര്‍ഗാപൂജ ആഘോഷവേളയില്‍ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ടതില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും പല നേതാക്കളും പ്രതിഷേധമറിയിച്ചിരുന്നു. സര്‍ക്കാരിന്റെ വരുമാനവും ജനങ്ങളുടെ താല്പര്യവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത സംഘടനയ്ക്ക് അനുഭവപ്പെടുന്നതായി വൃത്തങ്ങള്‍ പറയുന്നു. അതിനാല്‍ സംഘടന ഇന്ധനവില സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് ജനങ്ങളുമായി മികച്ച ആശയവിനിമയം നടത്താനുള്ള വഴികളും മറ്റു പരിഹാരങ്ങളും നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ട്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വിലയിരുത്തലും തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെ പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. കൂടാതെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിനു മുന്നോടിയായുള്ള പരിപാടികളുടെ റോഡ്മാപ്പ്, കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡുമായി ബന്ധപ്പെട്ട ആര്‍എസ്എസ്സിന്റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുടെ തയ്യാറെടുപ്പുകള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. 1925 സെപ്റ്റംബര്‍ 27ല്‍ നാഗ്പൂരില്‍ വെച്ചു സ്ഥാപിതമായ സംഘടയ്ക്ക് 2025ല്‍ നൂറ് വര്‍ഷം തികയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: