വാഷിങ്ടണ്‍: ഇനി ഭൂമിയെ നേരിട്ട് കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുകയും ബിസിനസ് നടത്തുകയും ചെയ്യാം. ബഹിരാകാശത്ത് ബിസിനസ് പാര്‍ക്ക് തുടങ്ങുമെന്ന് ശതകോടീശ്വരനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ് അറിയിച്ചു. ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ വിനോദസഞ്ചാര കമ്പനിയായ ബ്ലൂ ഒറിജിനാണ് ‘ഓര്‍ബിറ്റല്‍ റീഫ്’ എന്നു പേരു നല്‍കിയിരിക്കുന്ന സ്പേസ് ബിസിനസ് പാര്‍ക്ക് തുടങ്ങുക.
2025 നു ശേഷമായിരിക്കും ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 32,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകുന്ന പാര്ക്കിന് ഒരേ സമയം 10 പേരെ വരെ ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അത്രയും വ്യാപ്തിയുള്ള വിധത്തിലാണ് ഓര്‍ബിറ്റല്‍ റീഫ് രൂപകല്പന ചെയ്തിരിക്കുന്നത്. ബഹിരാകാശത്ത് സിനിമാ ചിത്രീകരണത്തിനുള്ള സംവിധാനങ്ങളും സ്പേസ് ഹോട്ടലും ഇതിലുണ്ടാകും.
സിയേറ സ്പേസ്, ബോയിങ്, റെഡ്വയര് സ്പേസ്, ജെനസിസ് എഞ്ചിനീറിങ് എന്നീ കമ്പനികളും ബ്ലൂ ഒറിജിനൊപ്പം പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകും. ബഹിരാകാശ ഏജന്‍സികള്‍, സാങ്കേതിക കമ്പനികള്‍, സ്വന്തമായി ബഹിരാകാശ നിലയമില്ലാത്ത രാജ്യങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കമ്പനികള്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ക്കെല്ലാം പാര്‍ക്കില്‍ ഇടമുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.
പദ്ധതിയുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്ലൂ ഒറിജിനായി പ്രതിവര്‍ഷം ഏകദേശം 7500 കോടി രൂപ (100 കോടി ഡോളര്‍) ചെലവഴിക്കുമെന്ന് ജെഫ് ബെസോസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ പദ്ധതിക്കായി അദേഹം വന്‍ തുക മുടക്കുമെന്നാണ് വിവരം.
നിലവില്‍ നാസയുടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന് 20 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ ഈ നിലയം പുനഃസ്ഥാപിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലൂ ഒറിജിന്റെ പ്രഖ്യാപനം. 2025-ഓടെ തങ്ങളുടെ ബഹിരാകാശ യാത്രികര്‍ നിലയം വിടുമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. നിലയത്തിലെ കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങള്‍ അപകടത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ഇതിനു മറുപടിയായി ഉപകരണങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സ്വകാര്യ കരാറുകാര്‍ക്ക് 2997 കോടി രൂപ നല്‍കുമെന്ന് നാസ അറിയിച്ചു.
അമേരിക്കന്‍ ബഹിരാകാശ കമ്പനികളായ നാനോറാക്സ്, വോയേജര്‍ സ്പേസ്, ലോക്ഹീഡ് മാര്ട്ടിന് എന്നിവ 2027-ഓടെ തങ്ങളുടേതായ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: