കോഴിക്കോട്: ഭക്ഷ്യ വിഷബാധയേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ തന്നെയാണിവര്‍. മറ്റുള്ളവരുട നില തൃപ്തികരമാണ്. ഭക്ഷ്യവിഷബാധയുണ്ടായ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററിന്റെ പെരുമണ്ണയിലുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് കണ്ടെത്തല്‍. വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ നല്കിയ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ചു.
കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി പരിശോധന നടത്തിയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് കണ്ടെത്തിയത്. കുടിവെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ എടുത്തിരിക്കേണ്ട മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്ഥാപനത്തിനില്ല. അടുക്കള ഉണ്ടെങ്കിലും പുറമേനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് നല്‍കിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ മൊഴിനല്‍കി. വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ വിതരണം ചെയ്ത വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി മലാപറമ്പ് റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് കോഴിക്കോട് ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസര്‍ അറിയിച്ചു.
പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരില്‍ ഏഴുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞദിവസം ഹോസ്റ്റലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ ഇരുനൂറിലധികം കുട്ടികള്‍ ഭക്ഷണം കഴിച്ചെന്നും കുറച്ച് പേര്‍ക്ക് മാത്രമായി വിഷബാധ ഉണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നുമാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്. ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനമെന്നും വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: