ഹൈദരാബാദ്: പ്രധാനമന്ത്രി മോദി സജീവമായി ഇടപെട്ട ക്വാഡ് കൂട്ടായ്മ ഇന്ത്യയുടെ വാക്സിന് കുതിപ്പിന് താങ്ങായി. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ എന്ന നിര്‍മ്മാണക്കമ്പനിയുടെ കോവിഡ് വാക്സിന് ഉല്പാദനശേഷി വര്‍ധിപ്പിക്കാന്‍ സ്ഥാപിച്ച പുതിയ നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 2021 മാര്‍ച്ചില്‍ നടന്ന ക്വാഡ് സമ്മേളന കൂട്ടായ്മയില്‍ പ്രധാനമന്ത്രി മോദി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് യുഎസിന്റെ ഈ ധനസഹായം. സംരംഭത്തിന് യുഎസ് അഞ്ച് കോടി ഡോളര്‍ ധനസഹായമാണ് അനുവദിച്ചത്.
വികസനത്തിന് ധനസഹായം നല്കുന്ന യുഎസ് സര്‍ക്കാരിന്റെ അന്താരാഷ്ട ഡവലപ്മെന്റെ ഫിനാന്‍സ് കോര്പറേഷന് (ഡിഎഫ്സി) ആണ് ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന വാക്സിന് നിര്‍മ്മാണക്കമ്പനിക്ക് ധനസഹായം അനുവദിച്ചത്. കമ്പനിയുടെ പുതിയ ഉല്‍പാദനസംവിധാനം ഡിഎഫ്സി സിഒഒ ഡേവിഡ് മാര്ചിക്കും ബയോളജിക്കല്‍ ഇ എംഡി മഹിമ ഡാറ്റ്ലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
യുഎസ്, ഇന്ത്യ, ജപ്പാന്, ആസ്ത്രേല്യ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ക്വാഡ് രാജ്യങ്ങളുടെ വാക്സിന് കൂട്ടായ്മയുടെ തീരുമാനമനുസരിച്ചാണ് മോദിയുമായി ഉണ്ടാക്കിയ ധാരണപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശമനുസരിച്ച് ഡിഎഫ്സി ധനസഹായം നല്‍കിയത്.
ഈ പങ്കാളിത്തം മൂലം ഇന്ത്യയുടെയും ഇന്തോ-പസഫിക് മേഖലയുടെയും ആരോഗ്യസംവിധാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടും. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. യുഎസ് ചാര്‍ജ് ഡി അഫയേഴ്സ് പാട്രിഷ്യ ലാസിന, യുഎസ് കോണ്‍സല്‍ ജനറല്‍ ജൂള്‍ റീഫ്മാന്‍, വിദേശ കാര്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി വാനി റാവു, തെലുങ്കാന ഐടി-വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജന്‍, ജപ്പാന്റെ കോണ്‍സല്‍ ജനറല്‍ ടാഗ മസയുകി, ആസ്ത്രേല്യയുടെ കോണ്‍സല്‍ ജനറല്‍ സാറ കിര്‍ല്യൂ എന്നിവര്‍ പങ്കെടുത്തു.
ഡിഎഫ്സിയുടെ പങ്കാളിത്തം മൂലം ബയോളജിക്കല്‍ ഇയുടെ വാക്സിന് ഉല്പാദനം 2022ല്‍ 100 കോടിയായി ഉയരുമെന്ന് ഡിഎഫ്സിയുടെ സിഒഒ ഡേവിഡ് മര്‍ചിക് പറഞ്ഞു. കോവിഡ് മഹാമാരി 2022ഓടെ തുടച്ചുനീക്കുക എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം നേടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തതിന് സാധിക്കുമെന്നതിന് തെളിവാണ് ഇന്നത്തെ ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ സന്തോഷമുണ്ടെന്ന് ബയോളജിക്കല്‍ ഇയുടെ മാനേജിംഗ് ഡയറക്ടര്‍ മഹിമ ഡറ്റ്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: