ന്യൂദല്‍ഹി: നാല് ദിവസത്തെ നാവികസേനാ പരിശീലനം ലക്ഷ്യമിട്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ശ്രീലങ്കന്‍ കടലില്‍. പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ തമ്മില്‍ നടത്തുന്ന പരിശീലന പരിപാടികളുടെ ഭാഗമായാണിത്. ഇന്നലെ ആരംഭിച്ച പരിശീലനം 28 വരെ നീണ്ടുനില്‍ക്കും.
സുജാത, മഗര്‍, ശാര്‍ദുല്‍, സുദര്‍ശിനി, തരംഗിണി, കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വിക്രം എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നാവികസേനയുടെ ഒന്നാം പരിശീലന സ്ക്വാഡ്രണ്‍ ആണ് പരിശീലനത്തിനിറങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിവിധ രാജ്യങ്ങളുടെ സ്വാധീനകേന്ദ്രങ്ങള്‍ തുറന്നുകാട്ടി യുവ ഉദ്യോഗസ്ഥര്‍ക്കും ഓഫീസര്‍-ട്രെയിനികള്‍ക്കും കൂടുതല്‍ പരിചയം പകരുകയാണ് വിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നാലു ദിവസം നീളുന്ന വിന്യാസത്തില്‍ ഇന്ത്യന്‍ നാവിക കപ്പലുകളായ മഗര്‍, ശാര്‍ദുല്‍ എന്നിവരോടൊപ്പം 101 ഐഒടിസിയുടെ പരിശീലകര്‍ കൊളംബോ തുറമുഖവും; സുജാത, സുദര്‍ശിനി, തരംഗിണി, സിജിഎസ് വിക്രം തുടങ്ങിയ നാവിക കപ്പലുകള്‍ നൂറാം ഐഒടിസിയുടെ ട്രെയിനികളുമായി ട്രിങ്കോമലിയും സന്ദര്‍ശിക്കും.
ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് കൊച്ചി ആസ്ഥാനമായുള്ള ഒന്നാം പരിശീലന സ്ക്വാഡ്രണ്‍ പ്രവര്‍ത്തനത്തിന് വേദിയാകും.
സീനിയര്‍ ഓഫീസര്‍ ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡ്രണ്‍ ക്യാപ്റ്റന്‍ അഫ്താബ് അഹമ്മദ് ഖാനാണ് നിലവില്‍ നേതൃത്വം നല്‍കുന്നത്. നാവികസേനയുടെ പരിശീലന കമാന്‍ഡായ ദക്ഷിണ നാവിക കമാന്‍ഡിന്റെ (എസ്എന്‍സി) ഭാഗമാണ് കപ്പലുകള്‍, അതിന് നേതൃത്വം വഹിക്കുന്നത് വൈസ് അഡ്മിറല്‍ എ.കെ. ചൗളയാണ്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ നാവികസേന അന്താരാഷ്ട്രതലത്തില്‍ ഇത്തരം പരിശീലനം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: