അമ്പലപ്പുഴ: സിപിഎം പ്രദേശിക നേതാവിനെ കാണാതായി ഒരു മാസമാകാറായിട്ടും ഇരുട്ടില്‍ത്തപ്പി പോലീസ്. കുടുംബത്തെ തിരിഞ്ഞുനോക്കിയത് ജി. സുധാകരന് മാത്രം. സിപിഎം സമ്മേളന കാലയളവിലെ തിരോധാനത്തില്‍ ദുരൂഹതയേറെ. തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവ് പെരിയോന്റെ പറമ്പില്‍ സജീവന്റെ തിരോധാനത്തിലാണ് പാര്‍ട്ടി നിലപാട് പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത്. സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കഴിഞ്ഞ മാസം 29നാണ് കാണാതാകുന്നത്. ഭാര്യ സജിത നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇപ്പോള്‍ വഴിമുട്ടിയ അവസ്ഥയാണെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.
സംഭവത്തില്‍ നിരവധി സിപിഎമ്മുകാരെ ചോദ്യം ചെയ്തിരുന്നു. ബ്രാഞ്ച് സമ്മേളനത്തിന് തലേന്നാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ഇത് വിഭാഗീയതയുടെ പേരില്‍ വിവാദത്തിന് വഴിയൊരുക്കി. സജീവന് ഒളിവില്‍ പോകേണ്ട സാഹചര്യമില്ലെന്ന്ബന്ധുക്കള് പറയുമ്പോള്‍, വിരല്‍ചൂണ്ടുന്നത് പാര്‍ട്ടി നേതൃത്വത്തിന്നേര്ക്കാണ്.
ഏതൊരു വിവാദത്തിലും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരങ്ങള്‍ സംഘടിപ്പിക്കുന്ന സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമുണ്ട്. മുന്‍കാലങ്ങളില്‍ പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സജീവന്. 75-ാം വാര്‍ഷിക വാരാചരണം നടക്കുന്ന വേളയില്‍പ്പോലും സജീവന്റെ കുടുംബത്തിലെത്താന്‍ മുന്‍മന്ത്രി ജി. സുധാകരന് ഒഴികെ പാര്‍ട്ടി നേതാക്കളാരും താല്പര്യപ്പെട്ടില്ല.
സിപിഎം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് മര്‍ദിച്ചെന്ന പരാതി ശരിയായ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതിനിടെ, സജീവന്റെ തിരോധാനം ലോക്കല്‍ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകാതിരിക്കാനുള്ള മുന്‍കരുതലും നേതൃത്വം സ്വീകരിക്കുന്നുണ്ട്.
കാണാതാകുന്ന ദിവസം സജീവന് തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയിരുന്നു. ഭാര്യ സജിത വിളിച്ചതിനെത്തുടര്‍ന്ന് കാരിയര്‍ വള്ളത്തില്‍ തിരികെ ഹാര്‍ബറിലെത്തി. പിന്നീട് ഭാര്യയുടെ കുടുംബവീടായ പുത്തന്നടയില്നിന്നും സജീവന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍, വീട്ടിലെത്തിയില്ല. തുടര്‍ന്നാണ് ഭാര്യ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: