കോട്ടയം: അവിടെ ആരുമെത്തുമായിരുന്നില്ല സേവാഭാരതിയല്ലാതെ… ഉരുള്‍പൊട്ടലില്‍ സര്‍വം നശിച്ച കൊക്കയാറിലും സമീപപ്രദേശങ്ങളിലും ഒറ്റ ദിവസം കൊണ്ട് പഴയജീവിതം തിരികെ നല്കുവാനുള്ള പരിശ്രമത്തിലായിരുന്നു സ്ത്രീകളടക്കം ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകര്‍. അവര്‍ കൊക്കയാര്‍ പാലത്തിന് പകരം അഞ്ചടി വീതിയില്‍ പന്ത്രണ്ട് മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചു. തകര്‍ന്ന കൊടുങ്ങ പാലത്തിന് പകരം ആറ്റുതീരത്ത് സമാന്തരപാത തീര്‍ത്തു. വെമ്പിളിയില്‍ ദേവീക്ഷേത്രവും എസ്എന്‍ഡിപി ഹാളും ശുചീകരിച്ചു. ചളിയും മണ്ണും നിറഞ്ഞ് മലിനമായിപ്പോയ നൂറോളം കിണറുകള്‍ ശുചീകരിച്ചു. ചപ്പാത്ത് പുഴയൊഴുക്കിനെ തടഞ്ഞുനിന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റി. കൂട്ടിക്കല്‍ ടൗണില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. നടപ്പാതകളും ഏന്തയാര്‍ റോഡും സഞ്ചാരയോഗ്യമാക്കി.
ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് ഇരുപത് സംഘങ്ങളായി തിരിഞ്ഞ് അവര്‍ രാവിലെ തന്നെ എത്തി. അക്ഷരാര്‍ത്ഥത്തില്‍ മഹാശുചീകരണ യജ്ഞം. വെമ്പിളി, പ്ലാപ്പള്ളി, കുപ്പിപ്ലാഞ്ചോട്, മുക്കളം, ഇളംകാട്, കൊക്കയാര്‍… ആരുമെത്താനിടയില്ലാതിരുന്ന പ്രദേശങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ അവരെത്തി. മരം മുറിക്കുന്നതിനും മറ്റും ആധുനിക യന്ത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും അവ എത്തിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കരുത്തും ഇച്ഛാശക്തിയും കൊണ്ട് അവര്‍ ആ തടസ്സങ്ങളെ മറികടന്നു.
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി, സംഘടനാ സെക്രട്ടറി എം.ടി. കിരണ്‍ കുമാര്‍, സമിതി അംഗം ഡി. പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മധു, സംഘടനാ സെക്രട്ടറി അരുണ്‍കുമാര്‍, സെക്രട്ടറിമാരായ കെ.ജി. രാജേഷ്, ദിനേശ് കല്ലറ, പൂഴിമേല്‍ രണരാജന്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് ഡി. ശശികുമാര്‍, സഹ സേവാ പ്രമുഖ് ആര്.രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
മണിമലയാര്‍ സംഹാര താണ്ഡവമാടിയ തിരുവല്ല, മല്ലപ്പള്ളി മേഖലയില്‍ ആയിരത്തിഇരുനൂറിലേറെ പ്രവര്‍ത്തകരാണ് മഹാശുചീകരണയജ്ഞത്തില്‍ പങ്കെടുത്തത്. മല്ലപ്പള്ളി, കോട്ടാങ്ങല്‍, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍ മേഖലകളില്‍ ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, കിണറുകള്‍, പൊതുനിരത്തുകള്‍ എന്നിവിടങ്ങളിലായിരുന്നു ശുചീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: