ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ധാരാളം പ്രശ്നങ്ങളുണ്ട്. ഇത് മുഴുവന്‍ സംസ്ഥാനത്തിനു തന്നെ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടുന്ന യു എന്നിന്റെ റിപ്പോര്‍ട്ട് വീണ്ടും സുപ്രീം കോടതയില്‍. കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രളയത്തിന്റെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതിയുടെ ശ്രദ്ധ റിപ്പോര്‍ട്ടിലേക്ക് കൊണ്ടുവരാനാണ് ഹര്ജിക്കാരന് ശ്രമിക്കുന്നതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
മുല്ലപെരിയാര്‍ അണക്കെട്ടിന്റെ ആയുസ്സ് 50 വര്‍ഷമാണെന്ന് വ്യക്തമാക്കികൊണ്ടാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 1895ല്‍ അണക്കെട്ട് നിര്‍മ്മിച്ച ജോണ്‍ പെന്നിക്യുക്ക് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായി രേഖകള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് 126 വര്‍ഷമാകുന്നു. യുഎന്‍ സര്‍വകലാശാലയുടെ കാനഡ ആസ്ഥാനമാക്കിയുള്ള ‘ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്തി’ന്റെ, ‘പഴക്കമേറുന്ന ജലസംഭരണികള്‍ : ഉയര്‍ന്നുവരുന്ന ആഗോളഭീഷണി’ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സുപ്രീം കോടതിയിലെത്തിയത്. ഈ റിപ്പോര്‍ട്ട് 2021 ജനുവരിയിലാണ് പുറത്തുവന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനായി സുപ്രീം കോടതി തന്നെ നിയോഗിച്ച നിരീക്ഷണ സമിതിയടക്കം ഇതിന്റെ കാര്യത്തില്‍ വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹര്ജിക്കാരന് പറയുന്നത്. പ്രളയ സമാനമായ അവസ്ഥയില്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന് അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
പ്രളയ കാലത്തു പോലും ഡാമിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് അലക്ഷ്യമായിട്ടാണ്. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണ് റിട്ട് ഹര്‍ജിയില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂകമ്പസാധ്യതാ പ്രദേശത്താണ്. അണക്കെട്ട് നിര്‍മ്മിച്ച കാലത്തെ നിര്‍മ്മാണ വസ്തുക്കള്‍ ഇന്ന് തീര്‍ത്തും ഉപയോഗശൂന്യമാണ്. അണക്കെട്ട് തകര്‍ന്നാല്‍ ഏകദേശം 35 ലക്ഷത്തോളം പേര് അപകടത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇന്നലെ 136 അടി പിന്നിട്ടു. ഇതോടെ ആദ്യ മുന്നറിയിപ്പ് നല്കി. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ജാഗ്രതാ മുന്നറിയിപ്പുണ്ടാകും. 141 ല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പും. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
142 അടിയില്‍ അവസാന മുന്നറിയിപ്പും നല്കി സ്പില്‍ വേ വഴി വെള്ളം വിടുകയാണ് പതിവ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടണമെന്നും കേരളം തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാര്പ്പിക്കേണ്ടിവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും കണ്ടെത്തിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: