ഏന്തയാര്‍ (കോട്ടയം): ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. ഇതാണ് ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട കൊക്കയാറിന്റെ ഇപ്പോഴത്തെ സ്ഥിതി. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കൊക്കയാര്‍ ഒന്നാകെ നശിച്ച അവസ്ഥയാണ്. ചെറുതും വലുതുമായി നാനൂറോളം ഉരുള്‍പൊട്ടലാണ് ഈ ഗ്രാമത്തെയൊന്നാകെ തകര്‍ത്തെറിഞ്ഞത്.
മലവെള്ളപ്പാച്ചിലില്‍ 300 വീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രാഥമിക വിവരം. ഇരുനൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തഭീതിയില്‍ ഇരുനൂറോളം വീട്ടുകാര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താന്‍ മടിക്കുകയാണ്. മാക്കോച്ചി, പൂവഞ്ചി, മേലോരം, കുറ്റിപ്ലാങ്ങോട്ട്, വെമ്പള്ളി, വടക്കേമല, മുക്കുളം, മുക്കുളം ടോപ്പ്, ഉറുമ്പിക്കരയിലെ എസ്‌സി, എസ്ടി കോളനികള്‍ എന്നിവടങ്ങളിലേക്ക് സന്നദ്ധപ്രവര്‍ത്തകര്‍ പോലും എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുന്നു. മാക്കോച്ചിയിലെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കൊക്കയാറിലെ 26 സ്ഥലങ്ങളിലെ റോഡുകളാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. ഇതുമൂലം പ്രദേശത്തേക്ക് എത്തിപ്പെടുന്നത് ദുഷ്‌കരമായി.
കൊക്കയാറിലെ വിവിധയിടങ്ങളിലെ മൂന്ന് പാലങ്ങളും പൂര്‍ണമായി തകര്‍ന്നു. വെമ്പള്ളി പാലം, തൂക്കുപാലം, എന്തയാര്‍-മുക്കുളം പാലം എന്നിവയാണ് തകര്‍ന്നത്. ദുരിതമനുഭവിക്കുന്നവരെ കൊക്കയാര്‍, കൂട്ടിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിയത്. മുക്കുളം, മുക്കുളം ടോപ്പ്, കുറ്റിപ്ലാങ്ങോട് സ്‌കൂള്‍, വടക്കേമല പള്ളി, വെമ്പിള്ളി, കൊക്കയാര്‍ കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: