ആചാരവര്യനായിരുന്ന പ്രൊഫസര്‍ വിശ്വംഭരന്റെ ഓര്‍മയ്ക്കായി തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്കാരം ആഷാമേനോന് സമ്മാനിച്ചതിന്റെ റിപ്പോര്‍ട്ട് ജന്മഭൂമിയില് വായിച്ചപ്പോള്‍ മാസ്റ്ററെപ്പറ്റിയുള്ള ഒട്ടേറെ സ്മരണകള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. മഹാഭാരതത്തെ എങ്ങനെ മനസ്സിലാക്കണമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മഹാഭാരത ദര്‍ശനമെന്ന ബൃഹദ്ഗ്രന്ഥം വായിച്ചപ്പോഴാണ്. ഭാരത കര്‍ത്താവ് വേദവ്യാസന് ഒട്ടും മറകൂടാതെ തുറന്നെഴുതിയതാണ് ലക്ഷം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ഇതിഹാസം. തന്റെ ജനന സംബന്ധമായ കാര്യവും അതില്‍പ്പെടുന്നു. ശ്ലീലാശ്ലീലാ ശങ്കകള്‍ വാക്കുകളെ നിയന്ത്രിച്ചില്ല. അതുകൊണ്ട് പരാമര്‍ശിക്കപ്പെടുന്ന ആളുകളുടെ മഹത്വത്തിന് ഒട്ടും കുറവു സംഭവിക്കുന്നുമില്ല. ഇന്നും നമ്മെ ഭരിക്കുന്ന വിക്ടോറിയന്‍, ക്രൈസ്തവ സദാചാര്യമൂല്യങ്ങള്കൊണ്ടളക്കാവുന്നതല്ല ഭാരതീയ സദാചാരബോധമെന്ന് അതു നമ്മെ ഓര്‍മിപ്പിക്കുന്നു. വിശ്വംഭരന് മാസ്റ്ററുടെ വിശകലനങ്ങളില്‍ അതു നമുക്കു തികച്ചും വ്യക്തമാണുതാനും.
എഴുത്തച്ഛന്റെ ശ്രീമഹാഭാരതം വിദ്യാഭ്യാസകാലത്തു തന്നെ വായിക്കാനെനിക്കു കഴിഞ്ഞിട്ടുണ്ട്. വിശേഷിച്ചും ദ്രോണപര്‍വവും കര്ണപര്വവും. പാഠ്യഭാഗങ്ങളില്‍ അതിലെ വരികള്‍ ഉണ്ടായിരുന്നതാവാം കാരണം. കോളജ് പഠിപ്പു കഴിഞ്ഞ് നാട്ടില്‍ താമസിക്കുമ്പോള്‍ അച്ഛന്റെ സഹാധ്യാപക സുഹൃത്ത്, രാമന് നായര്‍ സാര്‍, വള്ളത്തോള്‍ ബുക്ക് ഡിപ്പോക്കാര്‍ മാസികാരൂപത്തില്‍ പുറത്തിറക്കിയ ഭാഷാഭാരതം കൊണ്ടുവന്നു കാണിക്കുമായിരുന്നു. മാസം നൂറുപേജുകള്‍ വീതമാണവ പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തേ ഒരുമിച്ചു ബയന്‍ഡ് ചെയ്ത് അദ്ദേഹം സൂക്ഷിച്ചുവന്നു. അവ വായിച്ചു വന്നു. കഥകള്‍ അറിയുന്നതുകൊണ്ടും മുഴുവന്‍ വായിക്കണമെന്ന വാശികൊണ്ടും അതുമായി യുദ്ധം തുടങ്ങി. പക്ഷേ ഒരെത്തും പിടിയും കിട്ടിയില്ല. ഭീഷ്മപര്വമെത്തിയപ്പോള് അതിലെ യുദ്ധവര്‍ണനയും മറ്റും രസംപിടിപ്പിച്ചു. വര്ണനയ്ക്കിടെയുള്ള വ്യൂഹവര്ണന ശ്രദ്ധേയമായി. പൃതത, ഗണം, വാഹിനി, അനികിനി, അക്ഷൗഹിണി മുതലായവ അതില്‍ വായിച്ചപ്പോള്‍ ഇവയാണല്ലോ സംഘത്തിലെ സൈനിക സമതയിലുമുള്ളത് എന്ന ചിന്തയുണ്ടായി. അതുപോലെ പ്രഡീനം, ഷണ്ഡീനം, സ്ഥലാന്തരം മുതലായ ശാരീരികിലെ പ്രയോഗങ്ങളും ഭടന്മാരുടെ അടവുകളില്‍ ഉണ്ടായിരുന്നതും ശ്രദ്ധേയമായി തോന്നി. അന്ന് നാട്ടിലില്ലായിരുന്നതിനാല് സംശയം തീര്‍ക്കാന്‍ ആരുമില്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പ്രചാരകനായി തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ മാനനീയ സര്‍കാര്യവാഹ് ഏകനാഥ്ജിയുടെ അവിടത്തെ സന്ദര്‍ശനത്തിനിടെ മഹാഭാരതം സംഭാഷണ വിഷയമാകുകയും ഞാന്‍ ഈ സംശയം അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. അതു ശരിയാണ്, പുരാണങ്ങളില്‍ നിന്നു നാം ഇവ സ്വീകരിച്ചുവെന്ന് അദ്ദേഹവും പറഞ്ഞു.
പിന്നീട് ജന്മഭൂമിയില് നിന്ന് 2000-മാണ്ടില്‍ വിരമിച്ചശേഷം ഒരിക്കല്‍ക്കൂടി ഭാഷാ ഭാരതം വായിക്കാന്‍ അവസരമുണ്ടായി. അതിനിടെ വിശ്വംഭരന് മാസ്റ്ററുടെ മഹാഭാരത ദര്‍ശനം കുറേ വായിച്ചിരുന്നു. കൂടാതെ അമൃത ടിവിയില്‍ അദ്ദേഹത്തെ കേന്ദ്രമാക്കിയുള്ള ആ പരിപാടിയും കാണാന്‍ തുടങ്ങി. സംവാദരൂപത്തിലുള്ളതിനാല് പങ്കെടുത്തവരും ഒട്ടും മോശക്കരായിരുന്നില്ലല്ലൊ. അതിന്റെ വലിയ ആസ്വാദകനായിരുന്നു പ്രൊഫ. കെ.ജി. ശങ്കരപ്പിള്ള. തന്റെ തീവ്ര ഇടതുപക്ഷ വീക്ഷണങ്ങള്‍ എല്ലാം മാറ്റിവച്ചാണ് അതാസ്വദിക്കുന്നതെന്നു ഒരു സന്ദര്‍ശന വേളയില്‍ അദ്ദേഹം എന്നോടു പറഞ്ഞു.
ന്യായത്തിനും നീതിക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ആളായിരുന്നു വിശ്വംഭരന് മാസ്റ്റര്‍. അതുമൂലം അദ്ദേഹത്തിന് കാസര്‍കോടു ജില്ലയിലെ മലമുകളിലുള്ള എളേരിത്തട്ടിലെയും കൂത്താട്ടുകുളത്തിനടുത്തു മറ്റൊരു മലമുകളിലുള്ള കോളജുകളിലേക്കു തട്ടുകയായിരുന്നു അധികൃതര്‍. പ്രിന്‍സിപ്പല്‍മാര്‍ക്കദ്ദേഹം പേടിസ്വപ്നമായിരുന്നുവെന്നു കേട്ടിട്ടുണ്ട്.
ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പാരംഭിച്ചപ്പോള്ത്തന്നെ അദ്ദേഹം സാഹിത്യ വാരഫലം പോലൊരു പംക്തി കൈകാര്യം ചെയ്തിരുന്നു. ആ വാക്കുകളുടെ മൂര്‍ച്ചയേക്കാള്‍ ആശയങ്ങളുടെ മൂര്‍ച്ചയാണ് ശ്രദ്ധിക്കപ്പെട്ടത്. മഹാരാജാസ് കോളജില്‍ നിന്ന് വിടുതലായശേഷം സംഘപരിവാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വന്നു. അന്താരാഷ്ട്ര പുസ്തക പ്രദര്‍ശനത്തിലും തപസ്യയിലും അവയുടെ ചൈതന്യമായിരുന്നുവെന്നു തന്നെ പറയാം. പ്രദര്‍ശന സ്ഥലത്തെപ്പോള് ചെന്നാലും മാസ്റ്ററെയുംഡോ. കെ.എസ്. രാധാകൃഷ്ണന് മാസ്റ്ററെയും കാണാന്‍ കഴിയുമായിരുന്നു.
അധൃഷ്യരാണെന്ന് നടിച്ച് സാഹിത്യസൃഷ്ടി നടത്തിയവരെ വിശ്വംഭരന്മാസ്റ്റര് വെറുതെ വിട്ടില്ല. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിലെ പരാമര്‍ശങ്ങളെ പ്രത്യേകിച്ച് എടുത്തുപറഞ്ഞ് മാസ്റ്റര്‍ സ്വന്തം ഭാരതപര്യടനത്തില്‍ വിമര്‍ശിച്ചു. എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ജരാസന്ധവധത്തിലെ ചില പരാമര്‍ശങ്ങളെ വിവരമില്ലായ്മയെന്നാക്ഷേപിച്ചു. കുട്ടികൃഷ്ണമാരാര് നാലപ്പാടന്റെ ആശ്രിതനെപ്പോലെ എഴുതുന്നുവെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
മഹാഭാരതത്തെ എന്തുദ്ദേശത്തിലാണ് വ്യാസന് എഴുതിയത് എന്നതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കണമെന്നാണ് മാസ്റ്റര്‍ അഭിപ്രായപ്പെടുന്നത്. ‘ധര്‍മ്മാദര്‍ത്ഥശ്ച കാമശ്ച സധര്മ്മഃകിംനസേവ്യതേ’ എന്ന ഉപദേശം ആരും കേള്‍ക്കുന്നില്ലെന്നാണ് ഭാരതം എഴുതിക്കഴിഞ്ഞ് ഭാരത സാവിത്രി എന്ന ശ്ലോകങ്ങളില്‍ വ്യാസന് പറഞ്ഞത്. അതിന്റെ വെളിച്ചത്തിലേ വിശ്വംഭരന് മാസ്റ്ററുടെ പുനര്‍വായനയെ നമുക്കു കാണാന്‍ കഴിയൂ. ആ പുസ്തകവും ഞാന്‍ രണ്ടാവര്‍ത്തി വായിച്ചു. മൂന്നാമാവര്ത്തി തുടങ്ങാറായി.
‘മറ്റൊരു സ്മരണീയ സംഭവ’മെന്ന മുഖവുരയോടെ ‘മനസാസ്മരാമി’ എന്ന എസ്. ഗുപ്തന് നായര്‍ സാറിന്റെ ആത്മകഥയില്‍ വിശ്വംഭരന് മാസ്റ്ററെ വിവരിച്ചതുകൂടി വായിക്കാം. ”ഒരു ദിവസം എന്റെ ക്ലാസ്സില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി തന്റെ മുന്നിലുള്ള പുസ്തകങ്ങളും നോട്ടുബുക്കുകളും തട്ടിത്തെറിപ്പിച്ച ശേഷം ഇറങ്ങി ഓടി. സഹവിദ്യാര്‍ത്ഥികളില്‍ ചിലര്‍ അയാളെ പിന്തിരിപ്പിക്കാന് പുറപ്പെട്ടു. സാഹസമൊന്നും കാട്ടരുത് എന്നോ മറ്റോ വിളിച്ചു പറഞ്ഞുകൊണ്ട്.” ”ഒരു കനലെടുപ്പും ചുമന്നാണ് ഈയിടെയായി ഇയാളുടെ നടപ്പ്” ക്ലാസ്സിലുണ്ടായിരുന്ന ആരോ ഒരാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
ക്ലാസ്സ് അവസാനിച്ചപ്പോള്‍ ആ വിദ്യാര്‍ത്ഥിയെപ്പറ്റി ആഫീസില്‍ പോയി കൂടുതല്‍ അന്വേഷിച്ചു. വിശ്വംഭരന് എന്നു പേര്, വീട് തുറവൂര്‍, മൂന്നുമാസമായി ഫീസ് കൊടുത്തിട്ടില്ല. പേര് വെട്ടാന്‍ തീര്‍ച്ചയാക്കിയിരിക്കയാണ്. ”ഫീസ് ഞാനടയ്ക്കാം പേര് വെട്ടാന്‍ വരട്ടെ” പിറ്റേ ദിവസം തന്നെ ഞാന്‍ അയാളുടെ ഫീസ് അടച്ചു. അയാളെ ക്ലാസിലോ കോളജിലോ പതിവായി കാണാറില്ല.
മറ്റൊരു ദിവസം ഞാന്‍ താമസിച്ചിരുന്ന പള്ളിമുക്ക് റോഡിലെ ചെറിയൊരു കാപ്പിക്കടയിലേക്ക് ഒരു പിച്ചളക്കുടത്തില് വെള്ളം കൊണ്ടുപോകുന്ന ഒരാളെ ശ്രദ്ധിച്ചു. കാക്കിനിക്കറും ബനിയനുമാണ് വേഷം. രാത്രി ഒന്‍പതു മണി ”ഇതു വിശ്വംഭരനല്ലേ.” ഞാന്‍ എന്നോടു തന്നെ ചോദിച്ചു. കാര്യങ്ങള്‍ തീര്‍ച്ചയാക്കാന്‍ അടുത്തുചെന്നു. വിശ്വംഭരന് തന്നെ. വിശ്വംഭരന് പറഞ്ഞു തുടങ്ങി. ”അച്ഛന് നാട്ടില്‍ അറിയപ്പെടുന്ന ജോത്സ്യനാണ്. ഞാനും ജ്യോത്സ്യം കുറേ പഠിച്ചിട്ടുണ്ട്. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോള്‍ ഞാന്‍ വീട്ടുവിട്ടിറങ്ങി. എറണാകുളത്തെ ശിവക്ഷേത്രത്തിന്റെ ഗോപുരത്തിണ്ണയിലാണിപ്പോള് കിടപ്പ്. തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകങ്ങള്‍ വായിക്കും. അമ്പലക്കുളത്തില്‍ കുളിച്ച് രാവിലെ കോളജിലെത്തും. ഭക്ഷണത്തിനുള്ള വഴി ഹോട്ടലില്‍ ജോലി ചെയ്തുണ്ടാക്കും. സമയത്തിന് ഫീസ് കൊടുക്കാന്‍ കഴിയാതെ പോയി.” വിശ്വംഭരന്റെ ഫീസ് അടച്ചിട്ടുണ്ട് നാളെ മുതല്‍ കോളജില്‍ വരണം. അച്ഛനുമായുള്ള പിണക്കം തീര്‍ക്കണം. വിശ്വംഭരന് ഒന്നിനും മറുപടി പറഞ്ഞില്ല.
”ക്ലാസ്സോടുകൂടി നീ പാസ്സാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.” അതുകേട്ടപ്പോള്‍ വേദനയുടെ പുറന്തോട് പൊട്ടിച്ച ഒരു ചിരി എവിടെ നിന്നോ വന്നെത്തി.
ക്ലാസ്സോടുകൂടിതന്നെ വിശ്വംഭരന് പാസ്സായി. കേരള കൗമുദിയില്‍ ഒരു താല്‍ക്കാലിക ജോലിയും കിട്ടി. ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ വിശ്വംഭരന് പേരൂര്‍ക്കടയിലെ എന്റെ വീട് കണ്ടുപിടിച്ചെത്തി, ഒരു കൂട്ടുകാരനോടൊപ്പം.
”മാഷ് ഒരു കടം വീട്ടലായി കാണരുത്” എന്നുപറഞ്ഞ് ആദ്യ ശമ്പളത്തില്‍ നിന്ന് 100 രൂപ എന്റെ മുന്‍പില്‍വെച്ചു. ഞാന്‍ വിലക്കി. അയാള്‍ അതു കേട്ടതായി ഭാവിച്ചില്ല. ”ഈ ഗുരുദക്ഷിണ മാഷ് സ്വീകരിക്കണം.” ആത്മാഭിമാനം എന്ന വാക്കിന്റെ പരുക്കന്‍ അര്‍ഥം വിശ്വംഭരന് എന്നെ ഓര്‍മിപ്പിക്കുകയായിരുന്നോ?
വിശ്വംഭരന് ഇപ്പോള്‍ പ്രസിദ്ധനാണ്. വാഗ്മിയും ലേഖകനുമാണ്. പിന്നീട് മഹാരാജാസ് കോളജില്‍തന്നെ ജോലി നോക്കി. ഈ അപൂര്‍വ വിദ്യാര്‍ത്ഥിയാണ് സമകാലിക മലയാളം വാരികയില്‍ ‘ഭാരതദര്‍ശനം’ എന്ന പ്രൗഢമായ ലേഖന പരമ്പര എഴുതുന്ന തുറവൂര്‍ വിശ്വംഭരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: