തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് നിര്‍ദ്ദേശം നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം അതിരപ്പിള്ളി വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന് സൂചന. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. പതിനഞ്ചിലേറെ വീടുകളില്‍ വെള്ളം കയറി. ഇന്ന് പുലര്‍ച്ചെയാണ് വീടുകളില്‍ വെള്ളം കയറിയത്. പണ്ടാരംപാറ മേഖലയില്‍ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്.
കോഴിക്കോട് രാവിലെ ശക്തി കുറഞ്ഞ ഇടിയോടു കൂടിയ ചാറ്റല്‍ മഴയുണ്ട്. മലയോര മേഖലയില്‍ മഴ വിട്ടു നില്ക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള കൊടിയത്തൂര്‍, മുക്കം, പുതുപ്പാടി മേഖലകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തീരദേശ മേഖലകളിലും ജാഗ്രത തുടരുകയാണ്.
അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുന്‍കൂര്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 31 ന് മുമ്പ് ഇത് സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: