തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കിടെ ക്യാച്ചെടുക്കാന്‍ ചാടിയപ്പോള്‍ 19 കാരന് ഉണ്ടായ അപകടത്തില്‍ മലദ്വാരത്തിനുള്ളിലൂടെ വയറില്‍ കയറിപ്പോയ മരക്കഷണം കിംസ്ഹെല്‍ത്തില്‍ നടത്തിയ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂന്ന് വിദഗ്ധ സര്‍ജ?ാരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
ക്യാച്ചെടുക്കുന്നതിനിടെ മരക്കഷണത്തിലേക്ക് വീണെങ്കിലും ഈ ചെറുപ്പക്കാരന് കാര്യമായ പരിക്ക് അനുഭവപ്പെട്ടില്ല. ഭക്ഷണവും വെള്ളവും കഴിക്കുന്നതിനും കുഴപ്പമുണ്ടായില്ല. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കിംസ്ഹെല്‍ത്തില്‍ എത്തിച്ച് സിടി സ്കാനെടുത്തപ്പോഴാണ് മലാശയത്തിലൂടെ കയറിയ മരക്കഷണം വന്‍കുടല്‍, പ്രോസ്റ്റേറ്റ് എന്നിവയ്ക്കിടയിലൂടെ കടന്ന് മൂത്രസഞ്ചിക്കുള്ളിലായതായി കണ്ടെത്തിയത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അടുത്തായി പ്രധാന രക്തധമനികളെ എപ്പോള്‍ വേണമെങ്കിലും മുറിപ്പെടുത്താവുന്ന രീതിയിലായിരുന്നു ഈ കഷണം. ഇതിനു പുറമെ അപൂര്‍വമായി ജ?നാ കാണപ്പെടുന്ന പാരാഡ്യൂയോഡെനല്‍ ഹെര്‍ണിയയും സ്കാനില്‍ വെളിവായി.
പ്രോസ്റ്റേറ്റ് രക്തധമനികള്‍ക്ക് കനത്ത ഭീഷണിയായി നില്ക്കുന്ന ഈ മരക്കഷണം ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കുകയെന്നത് വെല്ലുവിളിയായിരുന്നതായി കിംസ്ഹെല്‍ത്തിലെ ജനറല്‍ ആന്‍ഡ് മിനിമല്‍ ആക്സസ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സനൂപ് കെ സക്കറിയ പറഞ്ഞു. അതിനു പുറമെ രോഗിയ്ക്ക് കാര്യമായി വേദനയോ രക്തസ്രാവമോ ഇല്ലെന്നതും കൗതുകകരമായി. ഇതോടൊപ്പം മരക്കഷണം കയറിപ്പോയ കുടലിന് കാര്യമായി പരിക്കുണ്ടോയെന്നും ഉറപ്പിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുടലിന് പരിക്കുള്ള അവസ്ഥയില്‍ ശസ്ത്രക്രിയയിലൂടെ കുടല് പുറത്തെടുത്ത് വയ്ക്കുന്ന സ്റ്റോമ എന്ന മാര്‍ഗ്ഗം സ്വീകരിക്കുകയാണ് പോംവഴിയുണ്ടായിരുന്നത്. കുടലിന് പരിക്കില്ലെന്ന് മനസിലായതിനാല്‍ സ്റ്റോമ ചെയ്യുന്നതിനു മുമ്പ് മൂത്രസഞ്ചി തുറന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. അവിടെ തറഞ്ഞിരുന്ന മരക്കഷണം അതീവശ്രദ്ധയോടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. പ്രോസ്റ്റേറ്റ്ഗ്രന്ഥിയിലോ ധമനിയിലോ രക്തസ്രാവം ഉണ്ടാകാതെ ശസ്ത്രക്രിയ ചെയ്യുകയെന്നത് അത്യന്തം ശ്രമകരമായായിരുന്നുവെന്നും ഡോ. സനൂപ് പറഞ്ഞു.
മരക്കഷണം കയറിപ്പോയ വഴിയില്‍ കാര്യമായ മുറിവുകള്‍ ഉണ്ടോയെന്ന പരിശോധനകള്‍ നടന്നു. കുടലിന് പരിക്കുകളില്ലെന്ന് മനസിലായതോടെ സ്റ്റോമ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. രോഗിയുടെ ചെറുപ്രായവും അനുകൂലഘടകമായി. ഭാവിയില്‍ വലിയ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ള ഹെര്‍ണിയയും ശസ്ത്രക്രിയയിലൂടെ ഭേദമാക്കി. മൂത്രം പോകുന്നതിനുള്ള കുഴല്‍ നീക്കം ചെയ്യുകയും മൂന്നു മാസത്തിനുള്ളില്‍ രോഗി പൂര്‍ണ ആരോഗ്യവാനാവുകയും ചെയ്തു.
ഡോ. സനൂപ് കെ സക്കറിയയെ കൂടാതെ യൂറോളജിസ്റ്റ് ഡോ. സുദിന് എസ് ആര്, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. വര്‍ഗീസ് എല്‍ദോ, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. മധു ശശിധരന്, അനസ്തെറ്റിസ്റ്റ് ഡോ. ഹാഷിര്‍ എ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: