കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
എല്ലാ വിഷയത്തിനും എ-പ്ലസ്സുണ്ടായിട്ടും കേരളത്തിലെ പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രവിഷയത്തില്‍ പ്ലസ് വണ്‍ സീറ്റിലേക്ക് പ്രവേശനം ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ അശാസ്ത്രീയമായ വിദ്യാഭ്യാസപരിഷ്കരണം മൂലം ആയിരക്കണക്കിന് കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സതേടേണ്ട സ്ഥിതിയിലെത്തി. രാഷ്ട്രീയനേട്ടത്തിനും വിദ്യാഭ്യാസക്കച്ചവടത്തിനും വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ വിദ്യാഭ്യാസനയമാണ് ഇന്ന് കേരളത്തില്‍ രൂപപ്പെട്ട ഈ പ്രതിസന്ധിക്ക് കാരണം. മഹാമാരിക്കാലത്തെ മഹാവിജയം സര്‍ക്കാരിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും സമാനതകളില്ലാത്ത വിജയമായി ആഘോഷിച്ചവരാണ് ഇടതുസര്‍ക്കാര്‍. നമ്മുടെ കുട്ടികളുടെ കണ്ണീര് തിരിച്ചറിയാന്‍ മാത്രം സര്‍ക്കാരിന് കഴിയുന്നില്ല. അഭിരുചിക്കനുസരിച്ച് അടുത്ത കോഴ്സ് തിരഞ്ഞെടുക്കാനുള്ള പരീക്ഷയാണ് എസ്എസ്എല്‍സി. അവിടെയാണ് 100 ശതമാനം മാര്‍ക്ക് കിട്ടിയവര്‍ക്കും 90 ശതമാനം മാര്‍ക്ക് കിട്ടിയവര്‍ക്കും സര്‍ക്കാര്‍ ഒരേ ഗ്രേഡ് നല്‍കിയത്. ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ പാളിച്ചകള്‍ സര്‍ക്കാര്‍ ഒഴികെ കേരളത്തിലെ മറ്റെല്ലാവരും തിരിച്ചറിഞ്ഞു.
പ്രവേശന ദുരിതം
വൈകി ജനിച്ചു പോയതുകൊണ്ട് മാത്രം ഇഷ്ടവിഷയം ലഭിക്കാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്തുള്ളത്. ക്ലാസ് പരീക്ഷകളില്‍ തന്നെക്കാള്‍ താഴ്ന്ന മാര്‍ക്ക് ലഭിക്കാറുണ്ടായിരുന്ന, തന്നേക്കാള്‍ ഒന്നോ രണ്ടോ മാസം മുന്‍പേ ജനിച്ച കുട്ടികളില്‍ പലര്‍ക്കും സയന്‍സ് വിഷയം ലഭിച്ചത് നോക്കി നില്‍ക്കേണ്ടി വന്നവരുണ്ട്. എഴുന്നൂറിലധികം കുട്ടികള്‍ പത്താം തരത്തില്‍ പഠിക്കുന്ന സ്കൂളില്‍ സ്ഥിരമായി ക്ലാസ് പരീക്ഷകളില്‍ ഒന്നാം സ്ഥാനത്തെത്താറുണ്ടായിരുന്ന കുട്ടിക്ക് പഞ്ചായത്ത് വേറെയായതു കൊണ്ട് ഒരിടത്തും അഡ്മിഷന് ലഭിക്കാത്ത സാഹചര്യവുമുണ്ട്.
എന്താണ് സംഭവിച്ചത്?
ഇത്തവണ സംസ്ഥാനത്ത് മൊത്തം 4, 22, 226 പേര് പരീക്ഷ എഴുതിയതില്‍ 4,19,651 പേര് എസ്എസ്എല്‍സി പാസ്സായി. കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം 99.8. ഇതില്‍ 1,21, 318 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം അത് 41,906 ആയിരുന്നു. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയായി എ പ്ലസ്സുകാരുടെ എണ്ണം ഉയര്‍ന്നു. ഇവരാണ് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊവിഡ് കാലത്ത് എ പ്ലസ്സുകാരുടെ എണ്ണം മൂന്നിരട്ടിയായത് നമ്മുടെ വിദ്യാഭ്യാസ നിലവാരം മൂന്നിരട്ടിയായി കുതിച്ചുചാടിയതുകൊണ്ടാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം സര്‍ക്കാരിന്റെ കപടമുഖം പിച്ചി ചീന്തുന്നതാണ്. ആകെ പത്ത് പേപ്പറാണ് എസ്എസ്എല്സിക്കുണ്ടായിരുന്നത്. അതിലൊന്നായ ഐടി പരീക്ഷ സമ്പൂര്‍ണ്ണമായി ഒഴിവാക്കി എല്ലാവര്ക്കും എ-പ്ലസ് ഗ്രേഡ് നല്കി.
ബാക്കി പേപ്പറുകളില്‍ പതിവുപോലെ, ഇംഗ്ലീഷ്, സാമൂഹ്യപാഠം, കണക്ക് എന്നിവയ്ക്ക് പരമാവധി മാര്‍ക്ക് 80 ആണ്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം അദ്ധ്യയനത്തിന് തടസ്സമുണ്ടായത് കണക്കിലെടുത്ത് ഇരട്ടി മാര്‍ക്കിനുള്ള(160) ചോദ്യങ്ങള്‍ നല്കി. പരീക്ഷ എഴുതാനുള്ള സമയം പതിവുപോലെ 150 മിനുട്ട് തന്നെ. കുട്ടികള്‍ക്ക് വേണമെങ്കില്‍ 160 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാം. എല്ലാത്തിനും ഉത്തരം എഴുതി 160 മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്കും 80 മാര്‍ക്കിന്റെ ചോദ്യം മാത്രം അഭിമുഖീകരിച്ച് 75 മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കും ഒരേ ഗ്രേഡ് ലഭിച്ചു, എ പ്ലസ്. മലയാളം-എ, ബി, ഹിന്ദി, ജീവശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം എന്നിവയ്ക്ക് പതിവുപോലെ പരമാവധി മാര്‍ക്ക് 40. എന്നാല്‍ 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ നല്‍കും. പരീക്ഷ എഴുതാനുള്ള സമയം പതിവുപോലെ 90 മിനിറ്റ്. സമാനമായ രീതിയില്‍ 80 മാര്‍ക്ക് നേടിയ കുട്ടിക്കും 35 മാര്‍ക്ക് നേടിയ കുട്ടിക്കും ഒരേ ഗ്രേഡ് എ-പ്ലസ്.
പ്രതിഭാധനരോട് കടക്ക് പുറത്ത്
മിടുക്കരായ വിദ്യാര്‍ത്ഥികളോട് സയന്‍സ് വിഷയത്തില്‍ നിന്നും കടക്ക് പുറത്ത് എന്ന് പറയുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. മൂല്യനിര്‍ണ്ണയം കൊവിഡ് സഹചര്യത്തില്‍ ഉദാരമായി നടത്തണം എന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ചോദ്യം അറ്റന്റ് ചെയ്ത എല്ലാവര്ക്കും ഉത്തരം തെറ്റായാലും മിനിമം മാര്‍ക്ക് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. അതോടെ ശരാശരിയില്‍ താഴെ പഠനനിലവാരമുള്ള കുട്ടികള്‍ക്കും എല്ലാം ഒരേപോലെ എ പ്ലസ് ലഭിക്കുന്ന സാഹചര്യം ഒരുങ്ങി. മറ്റു വെയ്റ്റേജുകള്‍ (സ്കൂള്‍, പഞ്ചായത്ത്, താലൂക്ക്,ജില്ലാ, നീന്തല്‍ ഗ്രേഡുകള്‍, മറ്റു സംവരണങ്ങള്‍) കൂടി വരുമ്പോള്‍ 35 മാര്‍ക്ക് നേടിയ കുട്ടിക്ക് എ പ്ലസ് ബലത്തില്‍ പ്രവേശനം ലഭിക്കുന്നു. എന്നാല്‍ 80 മാര്‍ക്കും 160 മാര്‍ക്കും കിട്ടിയ എ പ്ലസ്സുകാരന് വെയ്റ്റേജുകള്ക്ക് അര്ഹതയില്ലങ്കില് പുറത്തു നില്‍ക്കേണ്ടിയും വരുന്നു.
ലക്ഷ്യം വിദ്യാഭ്യാസ കച്ചവടം
പ്ലസ് വണ്‍ പ്രവേശനത്തില്‍ മിക്കവാറും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ശാസ്ത്ര വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. നിവൃത്തിയില്ലാതെ പലരും അണ് എയ്ഡഡ് മേഖല തേടിപ്പോകാന്‍ നിര്‍ബന്ധിതരാകും. ഇതോടെ പാവപ്പെട്ട കുട്ടികള്‍ക്ക് പഠനംതന്നെ ബാദ്ധ്യതയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അത് വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഗവേഷണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
സ്വകാര്യമാനേജ്മെന്റുകള്ക്ക് നേട്ടമുണ്ടാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വതവേ പ്ലസ് വണ്‍ സീറ്റുകള്‍ കുറവായതിനാല്‍ മലബാര്‍ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കലാ-കായിക മേളകള്‍ക്കായി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ സ്പെഷ്യല്‍ ഫീസുകള്‍ തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ ഫീസ് തിരികെ ലഭിച്ചിട്ടില്ല. നടക്കാത്ത മേളകള്‍ക്ക് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും തുക ഈടാക്കിയിരിക്കുകയാണ്. എത്ര പണം കുട്ടികള്‍ അടച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന് ധാരണയില്ല. സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളും കുട്ടികളില്‍ നിന്നും പണം പിരിച്ചിട്ടുണ്ട്. പണം ട്രഷറിയിലേക്കാണ് പോയത്. ഇങ്ങനെ പണം ഉണ്ടാക്കാനായി എല്ലാത്തരത്തിലും വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നതാണ് നിര്‍ഭാഗ്യകരം.
മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കണം
തമിഴ്നാട് ഉള്‍പ്പെടെ മറ്റു പല സംസ്ഥാനങ്ങളും എസ്എസ്എല്‍സി പരീക്ഷ കൊവിഡ് കാലത്ത് ഒഴിവാക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് നിരന്തര മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം അനുവദിക്കുകയാണ് അവര്‍ ചെയ്തത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ പത്താം ക്ലാസ് അല്ല പന്ത്രണ്ടാംക്ലാസ് പരീക്ഷയാണ് സ്കൂള്‍ തലത്തിലെ അന്തിമമായ പരീക്ഷ. എന്നിട്ടും എന്തിനാണ് സര്‍ക്കാര്‍ ഇത്രയും ആശാസ്ത്രീയമായ രീതിയില്‍ പരീക്ഷ നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത്? തങ്ങളുടെ ഭരണകാലത്ത് വലിയ വിജയശതമാനവും എ പ്ലസ് വിജയവുമുണ്ടായി എന്ന് വരുത്താന്‍ സ്വീകരിക്കുന്ന അപക്വമായ നടപടികള്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: