തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നാട്ടില്‍ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പിണറായി സര്‍ക്കാര്‍ കെറെയിലിന് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
കെറെയില്‍ പദ്ധതിക്കായുള്ള പിണറായി സര്‍ക്കാരിന്റെ പിടിവാശിക്ക് പിന്നില്‍ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയില്‍ കേരളത്തെ എത്തിക്കാന്‍ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മര്‍ദ്ദമുണ്ടായാലും കേന്ദ്രസര്‍ക്കാര്‍ കെറെയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്നാണ് കേരള ബിജെപിയുടെ നിലപാട്. ലാഭകരമല്ലാത്തതും ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം.
ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് പിണറായി സര്‍ക്കാര്‍ കെറെയിലിന്റെ പിറകെ ഓടുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയല്ല മറിച്ച് തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെട്രോമാന് ഇശ്രീധരന് വെച്ച കെറെയില്‍ ബദല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവാത്തത് എന്താണെന്നും അദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: