തിരുവനന്തപുരം: എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. അക്രമത്തിനിരയായ വനിത നേതാവ് കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പൊലീസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എം.ജി സര്‍വകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ശാരീരികമായി മര്‍ദിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തതായി കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.
യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ഇവര്‍ പറയുന്നു. എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്ന് അലറുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. എ.ഐ.എസ്.എഫ് പ്രവര്‍ത്തകന്‍ സഹദിനെ എസ്.എഫ്.ഐക്കാര്‍ ആക്രമിക്കുന്നതുകണ്ട് തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചതെന്നും ബലം പ്രയോഗിച്ച് ശരീരത്തില്‍നിന്നുള്ള പിടിത്തം വിടുവിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
എസ്.എഫ്.ഐ എറണാകുളം ജില്ല പ്രസിഡന്റ് ആര്‍ഷോ, ജില്ല സെക്രട്ടറി സി.എ. അമല്‍, പ്രജിത്ത് കെ. ബാബു, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് കെ എം അരുണ്‍, നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിന്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
‘ പോളിംഗ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനായ എ.എ സഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിസ്സഹായനായ് മര്‍ദനമേല്‍ക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്.എഫ്.ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ശരീരത്തിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാന്‍ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടിത്തം വിട്ടത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായി അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്.’ പരാതിയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: