ഇടുക്കി : പീരുമേട്ടിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പീരുമേട് താലൂക്കില്‍ മാത്രം 774 വീടുകളാണ് തകര്‍ന്നത്. വീടു തകര്‍ന്നുമാത്രമുണ്ടായ നഷ്ടം പതിമൂന്നു കോടി എണ്പത്തിരണ്ടു ലക്ഷം രൂപ. കൃഷി നാശം ഉള്‍പ്പെടെയുള്ളവ കണക്കാക്കി വരുന്നതേയുള്ളൂ.
കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിലെ നാശ നഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴ് പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചിരിക്കുകയാണ്. കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും എത്തിയ വെളളവും പലഭാഗത്തായുണ്ടായ വലുതും ചെറുതുമായ ഉരുള്‍ പൊട്ടലുകളുമാണ് കൊക്കയാര്‍, പെരുവന്താനും വില്ലേജുകളില്‍ വന്‍ നാശം വിതച്ചത്. ഇവിടെ 183 വീടുകള്‍ പൂര്‍ണമായും 591 എണ്ണം ഭാഗികമായി തകര്‍ന്നെന്നാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകള്‍ വിള്ളല്‍ വീണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
കൊക്കയാറില്‍ മാത്രം ഏഴു പേര് മരിച്ചു. പെരുവന്താനത്ത് ഒരാളും മരിച്ചു. ഇവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി പതിനായിരം രൂപ വീതം കൈമാറി. പരുക്കേറ്റ പതിനൊന്നു പേരില്‍ ആറു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്കി. പീരുമേട് താലൂക്കില്‍ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. കൊക്കയാറില്‍ ഒമ്പത് ക്യാമ്പുകളിലായി 1260 പേരാണ് ഇവിടെ താമസിക്കുന്നത്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. ദുരിത മഴയിലെ നാശനഷ്ടം സംബന്ധിച്ച് തിങ്കളാഴ്ച പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: