Categories: India

കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യം സുരക്ഷിതം, നൂറ് കോടി വാക്‌സിനേഷന്‍ രാജ്യത്തിന്റെ വിജയം; ഇന്ത്യയെ ലോകം കാണുന്നത് ഫാര്‍മ ഹബ്ബായെന്ന് പ്രധാനമന്ത്രി

Published by

്‌ന്യൂദല്‍ഹി : നൂറ് കോടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനായത് നവഭാരതത്തില്‍ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ് കോടി വാക്‌സീന്‍ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. ഇത് രാജ്യത്തെ ഒരോ പൗരന്മാരുടെ വിജയം. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കോവിഡ് ഉയര്‍ത്തിയത് വലിയ വെല്ലുവിളിയാണ്. മഹാമാരിയെ രാജ്യം പരാജയപ്പെടുത്തും. ലോകം ഇന്ന് ഫാര്‍മ ഹബ്ബായാണ് ഇന്ത്യയെ കാണുന്നത്. കോവിഡില്‍ നിന്ന് രാജ്യം സുരക്ഷിതമാണെന്നാണ് ലോകത്തിന്റെ വിലയിരുത്തല്‍. ഇന്ത്യക്ക് വാക്‌സീന്‍ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  

കോവിഡിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് വാക്‌സീനേഷനിലെ മുന്നേറ്റം.  കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി വിളക്ക് കൊളുത്തി അതില്‍ ഭാഗമാകാന്‍ പറഞ്ഞപ്പോള്‍ പലരും ഇതുകൊണ്ട് മഹാമാരി മാറുമോയെന്ന് പലരും പരിഹസിച്ചു. വിളക്ക് കൊളുത്തി തെളിയിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ ഐക്യമാണ് വെളിപ്പെട്ടത്. എന്നാല്‍ നൂറ് കോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയതില്‍ ഭാരതം ശക്തമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതിലൂടെ വിമര്‍ശകര്‍ക്കെല്ലാം തെറ്റ് പറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

അസാധാരണ ലക്ഷ്യമാണ് രാജ്യം ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വിവേചനം ഇല്ലെന്ന് രാജ്യം ഉറപ്പാക്കി.  വിഐപി സംസ്‌കാരം ഒഴിവാക്കി എല്ലാവര്‍ക്കും ഒരുപോലെയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.  

നൂറ് കോടി എന്നത് ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തില്‍ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്.  

വാക്സിന്‍ വിതരണത്തില്‍ തുല്യത പാലിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ വാക്സിന്‍ ലഭ്യമാക്കാനായി. വിഐപി സംസ്‌കാരത്തെ പൂര്‍ണമായും അകറ്റിനിര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്സിനെതിരായ പ്രചരണങ്ങള്‍ ഇപ്പോഴും വലിയ വെല്ലുവിളിയായി നില്‍കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വാക്സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക