തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ ശക്തമായ മഴയാണ്. തെക്കന്‍ തമിഴ് നാട്ടില്‍ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുകയാണ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമര്‍ദമാകാനുള്ള സാധ്യത ഇതുവരെയില്ല.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്നു യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് മുതല്‍ പത്തനംതിട്ട വരെ നാളെയും യെലോ അലര്‍ട്ടുണ്ട്. കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പീച്ചി അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതായി മന്ത്രി കെ.രാജന് അറിയിച്ചു. രാത്രി ഇടുക്കി ഡാമിലും റെഡ് അലര്‍ട്ടായി.
മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കഴിഞ്ഞ ദിവസം കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉള്‍പ്പെടെ പലയിടങ്ങളിലും മഴ ശക്തമായി. ചെറുതോണി അണക്കെട്ടില്‍ ചൊവ്വാഴ്ച ഷട്ടര്‍ തുറക്കുമ്പോള്‍ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വര്‍ധിച്ചു. മുല്ലപ്പെരിയാര്‍ ജലനിരപ്പും 135.10 അടിയായി കൂടി. 136 അടി കവിഞ്ഞാല്‍ സ്പില്‍വേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോള്‍ വേണമെങ്കിലും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്നതിനാല്‍ മുല്ലപ്പെരിയാറിലെ വെള്ളം കൂടിയെത്തിയാല്‍ ജലനിരപ്പ് പിന്നെയും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: