കര്‍ഷകരുടെ പേരു പറഞ്ഞ് ഇടനിലക്കാര്‍ നടത്തുന്ന സമരത്തിനെതിരെ സുപ്രീം കോടതിയും രംഗത്തു വന്നിരിക്കുന്നു. സമരം നടത്താന്‍ അവകാശമുണ്ടെന്നു കരുതി അനന്തമായി ഗതാഗതം തടയുന്നത് അനുവദിക്കാനാകില്ലെന്നാണ് ഡിവിഷന് ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. സമരം നടത്തുന്നവരെ റോഡില്‍ നിന്നു നീക്കണമെന്നാവശ്യപ്പെട്ട് നല്കപ്പെട്ട ഹര്‍ജിയില്‍, നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നു സമരം നടത്തുന്ന നേതാക്കളോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ജന്തര്‍മന്തറിലേക്കോ രാംലീലാ മൈതാനത്തേക്കോ സമരം മാറ്റാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സംയുക്ത കിസാന്‍ മോര്‍ച്ച കോടതിയില്‍ നടത്തിയിരിക്കുന്നത്.
സഹികെട്ടാണ് സമരം നടത്തുന്നതിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി വന്നത് എന്നത് പകല്‍ പോലെ വ്യക്തം. തുടക്കം മുതല്‍ കോടതി, കര്‍ഷകരുടെ പേരിലുള്ള സമരത്തോട് അനുഭാവപൂര്‍വമായിട്ടാണ് പെരുമാറിയത്. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ വരെ സുപ്രീം കോടതി തയ്യാറായി. അതുകൊണ്ട് സമരം നിര്‍ത്തേണ്ടതായിരുന്നു. അതുണ്ടായില്ല. പിന്തുണയെല്ലാം നഷ്ടപ്പെട്ടിട്ടും സമരം തുടര്‍ന്നു. സമരവേദിയില്‍ അക്രമം മാത്രമല്ല, കൊലപാതകം വരെ നടന്നു. ആരുടെയോ പ്രേരണ അനുസരിച്ചാണ് കര്‍ഷകരുടെ ഇടനിലക്കാരായ ചിലര്‍ ഇതെല്ലാം ചെയ്യുന്നത് എന്ന ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ് തുടക്കം മുതല്‍ നടന്നത്. പഞ്ചാബ് കര്‍ഷകരുടെ പേരുപറഞ്ഞുള്ള കോലാഹലത്തെ പഞ്ചാബ് മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞു. സമരം മൂലം പഞ്ചാബില്‍ ഒട്ടേറെ നാശങ്ങളുണ്ടായി. മൊബൈല്‍ ടവറുകള്‍ തകര്‍ത്തും മറ്റും നടത്തിയ സമരം ഇവിടെ വേണ്ടെന്ന് കോണ്‍ഗ്രസ്സുകാരനായ മുഖ്യമന്ത്രിയാണ് പരസ്യമായി പറഞ്ഞത്.
സുപ്രീംകോടതി മാത്രമല്ല, കേന്ദ്ര സര്‍ക്കാരും സമരക്കാരോട് വളരെ അനുഭാവ പൂര്‍വമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. സമരരംഗത്തുള്ള കര്‍ഷകരുമായി തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. താങ്ങുവില സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും താങ്ങുവില സമ്പ്രദായം നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി തന്നെ ഉറപ്പു നല്കി. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമോ ആശങ്കകളോ ഉണ്ടെങ്കില്‍ നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാണ്. വിദഗ്ധരെ കൊണ്ടുവന്ന് ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ അതിനും തയ്യാറാണ്. നിലവിലെ സാഹചര്യത്തില്‍ അനാവശ്യ സമരങ്ങളിലേക്ക് പോയി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം നില്ക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്നൊക്കെ കേന്ദ്ര സര്‍ക്കാര്‍ പലതവണ അഭ്യര്‍ത്ഥിച്ചു.
കേന്ദ്രം കൊണ്ടുവന്ന മൂന്ന് നിയമങ്ങളും കര്‍ഷകരുടെ നേട്ടം ലക്ഷ്യമിട്ടുള്ളതാണ്. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കിയെന്നതാണ് അതില്‍ പ്രധാനം. മിനിമം താങ്ങുവിലയും കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വിശ്വാസത്തില്‍ എടുത്താണ് നിയമം പാസ്സാക്കിയത്. രാജ്യത്തെ കര്‍ഷകരുടെ നന്മ ആഗ്രഹിച്ച് സമാനതകളില്ലാത്ത പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ശതകോടികളാണ് നേരിട്ട് കൈമാറിയത്. എന്നിട്ടും എന്തിന് കര്‍ഷക സമരം എന്ന സംശയം എല്ലാവരിലും ഉണ്ടായി. സമരരംഗത്തുള്ളവര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സമരം അവസാനിപ്പിക്കണമെന്നും കാര്യബോധം ഉള്ളവരെല്ലാം ഉപദേശിച്ചു. പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ ഇടനിലക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ല. നിയമങ്ങളുടെ പ്രശ്നം എന്താണെന്ന് പറയുന്നില്ല.
ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭരണം അവസാനിപ്പിക്കാനുള്ള അവതാരമായി സമരത്തെ കേരളത്തിലെ മാധ്യമങ്ങള്‍ കൊണ്ടാടി. വടക്കേ ഇന്ത്യയിലില്ലാത്ത സമരച്ചൂട് മലയാളികളിലേക്ക് പകര്‍ന്നു. സമരസ്ഥലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍പ്പോലും ബിജെപി അനായാസം ജയിച്ചതു കണ്ടിട്ടും കുത്തിത്തിരിപ്പ് വാര്‍ത്തകള്‍ നിരത്തുകയാണ് മലയാള മാധ്യമങ്ങള്‍. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക നിയമങ്ങള്‍ സുപ്രിം കോടതി സ്റ്റേ ചെയ്തത് ആഘോഷമാക്കിയ മാധ്യമങ്ങളാണ് ഇവിടെയുള്ളത്. ഏതായാലും സമരക്കാരെ സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശം ഒരവസരമാണ്; മുഖം രക്ഷിച്ച് സമരമുഖത്തുനിന്ന് പിന്മാറാന് കിട്ടുന്ന അവസരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: