കോഴിക്കോട്: പ്രദേശവാസികള്‍ക്ക് അരുമയായ നായ തനിക്ക് ശല്യമായതിനാലാണ് ഓട്ടോറിക്ഷ ഇടിപ്പിച്ചതെന്ന് പ്രതിയുടെ മൊഴി. നഗരത്തില്‍ പറയഞ്ചേരിയില് വളര്‍ത്തുനായയെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ പിടിയിലായ ഓട്ടോഡ്രൈവര്‍ പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് കാരണം വെളിപ്പെടുത്തിയത്.
പറയഞ്ചേരിയിലെ നാലോളം വീട്ടുകാര്‍ ചേര്‍ന്ന് വളര്‍ത്തിയ ജാക്കി എന്ന നായയാണ് കഴിഞ്ഞ ദിവസം വാഹനമിടിച്ച് ചത്തത്. പ്രദേശത്തുകാരുടെ അരുമയായിരുന്നു ജാക്കി. നായയുടെ ദേഹത്ത് ഓട്ടോ ഇടിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇത് ആസൂത്രിത സംഭവമാണെന്ന് തെളിഞ്ഞത്. വിവരമറിഞ്ഞ മൃഗസ്നേഹി സംഘടനകളും രംഗത്തു വന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് നടപടിയിലേക്ക് നീങ്ങിയത്.
പ്രദേശത്ത സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ച പേലീസ് നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ തേടി. പ്രദേശവാസികള്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ മൊഴി നല്‍കിയെന്നാണ് സൂചന. തുടര്‍ന്ന് പ്രതിയെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിലാണ് നായ തനിക്ക് ശല്യക്കാരനായിരുന്നെന്നും അതിനാലാണ് ഓട്ടോ ഇടിപ്പിച്ചതെന്നും പ്രതി പറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പറയഞ്ചേരിക്കടുത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ ബസ്റ്റോപ്പിന് സമീപത്തെ പോക്കറ്റ് റോഡിലൂടെ പോവുകയായിരുന്നു ജാക്കിയെ, സന്തോഷ് കുമാര്‍ ഓട്ടോ ഇടിപ്പിക്കുകയായിരുന്നു. വാഹനത്തിനടിയില്‍ നിന്ന് പ്രാണനും കൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളര്‍ന്ന് വീണ് മിനിറ്റുകള്‍ക്കകമാണ് ചത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: