ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതരെ സഹായിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ 15 അംഗ ഡിവൈഎഫ്ഐക്കാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പളളിപ്പാട് നടുവട്ടം നാരായണീയത്തില്‍ എം.ഗിരീഷ് (45) മുട്ടം കോട്ടയ്ക്കകം രാം നിവാസില്‍ രഞ്ജിത്ത് കുമാര്‍ (44) എന്നിവരെയാണ് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
ഗിരീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും രഞ്ജിത് കുമാറിനെ ഹരിപ്പാട് താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ പളളിപ്പാട് തെക്കും മുറി നീറ്റൊഴുക്ക് ജങ്ഷനിലായിരുന്നു അക്രമം. പളളിപ്പാട് നടുവട്ടം ദുരിതാശ്വാസ ക്യാമ്പില്‍ ദുരിത ബാധിതര്‍ക്ക് വേണ്ട സഹായം എത്തിച്ചശേഷം ഗിരീഷും രഞ്ജിത്തും കുടി ബൈക്കില്‍ വീട്ടിലേക്ക് വരികെ കാറിലും ബൈക്കിലുമായെത്തിയ അക്രമി സംഘം ഇരുവരേയും തടഞ്ഞു നിര്‍ത്തി വാളും, മറ്റ് മാരകായുധങ്ങളുമായി വെട്ടുകയായിരുന്നു.
രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ഇരുവരേയും കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. കാറിലും, ബൈക്കിലുമായെത്തിയ സംഘം അക്രമത്തിന് ശേഷം കൊലവിളി നടത്തിയാണ് പിരിഞ്ഞ് പോയതെന്ന് പരിസരവാസികള്‍ പറഞ്ഞു. നടുവട്ടം ക്യാമ്പിലെ ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുത്തിരുന്ന സംഘപ്രവര്‍ത്തകരുടെ നടപടി സ്ഥലത്തെ ചില സിപിഎം നേതാക്കന്മാര്ക്കും ഡിവൈഎഫ്ഐക്കാരെയും ചൊടിപ്പിച്ചു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ബിജെപിയുടെയും സിപിഎമ്മിന്റെയും നേതാക്കന്മാര് പരസ്പരം സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു.
ഇതിന് ശേഷം ചില ഡിവൈഎഫ്ഐക്കാര്‍ അക്രമം പദ്ധതിയിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേപ്പാട്, മുട്ടം ഭാഗത്ത് നിന്നുമെത്തിയ അക്രമി സംഘമാണ് അക്രമം നടത്തിയത്. വെട്ടേറ്റ ഗിരീഷ് നടുവട്ടം ശാഖാ കാര്യവാഹും, രഞ്ജിത്ത്കുമാര്‍ ബിജെപി പള്ളിപ്പാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: