കോട്ടയം : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ വന്‍നാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാന്‍ വൈകി. സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ സംവിധാനം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം തവണ അധികാരത്തില്‍ വന്നതോടെ ഒരു തരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കില്ലെന്ന നിലയിലാണ് സര്‍ക്കാരുള്ളത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളതീരത്തേക്കാണ് നീങ്ങുന്നതെന്ന് നാസയും ഇന്ത്യന്‍ കാലാവസ്ഥാ ഏജന്‍സികളും വ്യക്തമായി പറഞ്ഞിരുന്നു. അതിതീവ്രമഴയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ല. ശക്തമായ മഴയുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് മഴ മുന്നറിയിപ്പ് വരുന്നത്.
പമ്പയോ മീനച്ചിലാറോ ഭാരതപ്പുഴയോ ഏത് നദിയോ ആവട്ടെ ഒരടി വെള്ളം പൊങ്ങിയാല്‍ ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന ബോധ്യം സര്‍ക്കാരിനുണ്ടാവണം. മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയത്. നെതര്‍ലെന്‍ഡ്സില്‍ പോയി തിരിച്ചു വന്നിട്ട് റൂം ഫോര്‍ റിവര്‍ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയില്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്.
മഴ/പ്രളയ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ഞങ്ങള്‍ പലതവണ ആവശ്യപ്പെട്ടതാണ്. 2018ലും 2019ലും 2021ലും പ്രളയം വരുമ്പോള്‍ ഇതു തന്നെ ആവര്‍ത്തിക്കുന്നതല്ലാതെ നടപടിയൊന്നുമായിട്ടില്ല. ഇതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചാല്‍ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്.
പ്രളയത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായ പലരും ദുരിതാവസ്ഥയിലായിരുന്നു. ബന്ധുക്കളെല്ലാം മണ്ണിനടിയിലായി അനാഥരായവര്‍ക്ക് ആരാണ് ചികിത്സ ഉറപ്പാക്കേണ്ടത്. ജനപ്രതിനിധികളെല്ലാം ദുരന്തബാധിതരുടെ കൂടെയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായില്ല. മന്ത്രിമാരെല്ലാം ദുരിതഭൂമിയില്‍ ടൂര്‍ നടത്തിയിട്ട് ഫലമുണ്ടായോ പ്രതിപക്ഷത്തെ വെറുതെ വിമര്‍ശിച്ചിട്ട് കാര്യമില്ല. പല കാര്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാവൂ. ഒക്ടോബര്‍ 12-ാം തീയതിയിലെ കാലാവസ്ഥാ വകുപ്പിന്റെ അലര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കണം വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വളരെ കൃത്യമായി അതില്‍ പറയുന്നുണ്ട്. കാലാവസ്ഥ മുന്നറിയിപ്പ് നല്കുന്നതില് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്നറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: