തിരുവനന്തപുരം : ഇടുക്കി ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി അധികൃതര്‍. ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി വിട്ടിട്ടും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ് ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസത്തേയ്ക്ക് ശകതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അറിയിപ്പ് നല്‍കിയതാണ്. ജില്ലയില്‍ നിലവില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.
ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 2,398.16 ആണ്. ബുധനാഴ്ച ഇത് 2,398.20 ആയിരുന്നു. ഇതോടെ ഷട്ടറുകള്‍ 35 സെന്റീമിറ്റര്‍ ഉയര്‍ത്തി. ഒരു സെക്കന്റില്‍ 10 ലക്ഷം ലീറ്റര്‍ വെള്ളമാണ് ഡാമില്‍നിന്ന് ഒഴുക്കിവിടുന്നത്. എന്നാല്‍ ഇതിനേക്കാള്‍ നീരൊഴുക്കാണ് ഡാമിലുള്ളത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താനും സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മൂലമറ്റം പവര്‍ഹൗസിലേക്ക് ജലം കൊണ്ടുപോകുന്നത് പരമാവധിയായി വര്‍ധിപ്പിച്ചു
അതേസമയം മൂന്നാര്‍ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നേരത്തെ 50 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇതിപ്പോള്‍ 75 സെന്റിമീറ്ററാക്കി. കല്ലാര്‍ ഡാം രണ്ട് ഷട്ടറുകളും 10 സെന്റീമിറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. 10 ക്യുമെക്സ് ജലമാണ് ഇതിലൂടെ ഒഴുക്കിവിടുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: