തിരുവനന്തപുരം: നാടെങ്ങും സ്കൂള്‍ തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുമ്പോള്‍ ഏകാധ്യാപകവിദ്യാലയങ്ങളില്‍ കടുത്ത ആശങ്ക. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് ആര്‍ക്കും ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ഇതുവരെ നല്‍കാത്തതാണ് ആശങ്കയ്ക്ക് കാരണം. ഇതിനായി ഒരു മാര്‍ഗരേഖയും ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.
കൊവിഡ് രൂക്ഷമായി പടര്‍ന്ന കാലത്തും അധ്യാപകരുടെ മനസാക്ഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഏകാധ്യാപക വിദ്യാലയങ്ങളെ സംന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ ആവശ്യമാണെന്നാണ് അധ്യാപകരുടെ അഭിപ്രായം. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പലതിലും അടിസ്ഥാനസൗകര്യം പോലും ഇല്ല. മേല്‍ക്കൂര തകര്‍ന്ന് ചോര്‍ന്നൊലിക്കുന്നവയാണ് ഏറെയും. ചുരുക്കം ചില കെട്ടിടങ്ങളൊഴിച്ചാല്‍ സൗകര്യം കുറഞ്ഞ വാടക കെട്ടിടങ്ങളുമുണ്ട്.
സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വനവാസി കുട്ടികള്‍ക്ക് ബാധകമല്ലേയെന്ന ചോദ്യമാണ് ഏകാധ്യാപകര്‍ ഉയര്‍ത്തുന്നത്. ഏകധ്യാപക വിദ്യാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ ഉണ്ടോയെന്നും വിദ്യാഭ്യാസ അവകാശനിയമം ഈ കുട്ടികള്‍ക്കും കൂടി ബാധകമല്ലേയെന്നും അധികൃതര്‍ വ്യക്തമാക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസം വനവാസി മേഖലയിലെ കുട്ടികള്‍ക്കും ഉറപ്പാക്കേണ്ടതുണ്ട്. ഏകധ്യാപകരുടെ സ്ഥിരനിയമനം കഴിഞ്ഞ ഭരണകാലത്ത് തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കപ്പുറം അത് നടപ്പാക്കാനുള്ള ആര്‍ജവം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും അധ്യാപക സംഘടനാപ്രതിനിധികള്‍ ആവശ്യപ്പെടുന്നു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കിയിരുന്ന സമയത്ത് കുട്ടികളില്‍ ഭൂരിഭാഗത്തിനും മൊബൈല്‍ ലഭ്യമായിരുന്നില്ല. ടിവിയോ നെറ്റ്വര്‍ക്ക് കണക്ഷനോ പോലും ലഭ്യമല്ലാതിരുന്ന വനമേഖലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ക്ക് വിവിധ സംഘടനകളും അധ്യാപകരും തുണച്ചിരുന്നു. ഏകാധ്യാപകവിദ്യാലയങ്ങളുടെ ദുരവസ്ഥ പരിഹരിക്കാനായില്ലെങ്കില്‍ കുട്ടികളെ മറ്റ് സ്കൂളുകളില്‍ ലയിപ്പിക്കാനുള്ള ഉത്തരവെങ്കിലും ഇറക്കണമെന്നാണ് സര്‍ക്കാരിനോട് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: