ആലുവ: ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം ജില്ലയിലേക്ക് എത്തിയതോടെ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ സേവാഭാരതി സംഘം രംഗത്ത്. ആലുവ മണപ്പുറത്ത് മാത്രം 24 മണിക്കൂറും 40 പേരടങ്ങുന്ന സേവാഭാരതി സംഘം രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി നിലയുറപ്പിച്ചിട്ടുണ്ട്. മണപ്പുറത്ത് ഏത് ഒഴിക്കിനെയും വകഞ്ഞ് മാറ്റി മുന്നേറുന്ന നാല് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സര്‍വീസിന് മണപ്പുറത്ത് നാല് ആംബുലന്‍സുകളും സജ്ജമാണ്.
വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ പതിനായിരം മീറ്റര്‍ റോപ്പാണ് സേവാഭാരതി തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇന്നലെ രാത്രി തന്നെ മരങ്ങളില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വലിയ ഒഴുക്ക് ഉണ്ടായാല്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇവിടേക്ക് വേഗം എത്താന്‍ സാധിക്കാതെ വരും. വടത്തില്‍ പിടിച്ച് ഉള്‍പ്രദേശങ്ങളിലേക്ക് എത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വേണ്ടിയാണ് സേവാഭാരതി വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് റോപ്പ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ തോട്ടയ്ക്കാട്ടുകര വരെയാണ് റോപ്പ് സ്ഥാപിച്ചിരിക്കുന്നത്.
പുഴയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ പ്രവര്‍ത്തകരും ബോട്ടുകളും ആലുവ അടക്കമുള്ള പ്രദേശങ്ങളിലേക്ക് എത്തുമെന്ന് സേവാഭാരതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: