കൊച്ചി: എല്‍ടിടിയുമായി ചേര്‍ന്ന് ലഹരിമരുന്ന കടത്ത് നടത്തുന്ന പാക് സംഘത്തലവന് ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് എന്‍ ഐഎ.
വിഴിഞ്ഞം കടല്‍ വഴിയുള്ള ലഹരിമരുന്ന് കടത്ത് പിടികൂടിയ ശേഷമാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശൃംഖലയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. എല്‍ടിടിയുമായി കൈകോര്‍ത്താണ് ഈ സംഘം ദുബായ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തിന് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിടികൂടുന്ന ലഹരിമരുന്ന നിറച്ച മീന്‍പിടുത്ത ബോട്ടിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ എല്ലാ കടത്തുകള്‍ക്ക് പിന്നിലും ഹാജി സലിം എന്ന ഡോണിന്റെ അദൃശ്യസാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്.
വിഴിഞ്ഞത്ത് 2021 മാര്‍ച്ച്-ഏപ്രിലില്‍ പിടികൂടിയ മൂന്ന് മത്സ്യബന്ധനബോട്ടുകളിലെ വന്‍ ലഹരിവേട്ടയ്ക്ക് പിന്നിലും ഹാജി സലിമിന്റെ കരങ്ങളുണ്ടെന്ന് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ മനസ്സിലാക്കി. ഇതോടെയാണ് ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിയത്.
മിക്ക കടല്‍വഴിയുള്ള ലഹരിക്കടത്തിന്റെ ഗൂഢാലോചനകളുടെയെല്ലാം തലപ്പത്ത് പ്രവര്‍ത്തിക്കുന്നത് ഹാജി സലിമാണത്രെ. ഹാജി സലിം ഗൂഡാലോചനകള്ക്കായി പതിവായി ദുബായില്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ കരുക്കള്‍ നീക്കുന്നത്.
2021ല്‍ ഇന്ത്യന്‍ മഹാസുദ്രം വഴി വന്‍തോതില്‍ ലഹരിക്കടത്ത് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്‍ടിടിഇയിലെ ചില മുന്‍ നേതാക്കളാണ് ഇതിന് പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സഹായത്തിന് ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരുമുണ്ട്.
മീന്‍ പിടുത്ത ബോട്ടുകള്‍ വഴി ഹെറോയിന്‍ കടത്തുന്നതില്‍ മിടുക്കനാണ് ഹാജി സലിം. ഇതിനായി സുരക്ഷിതമായ സമുദ്രപാതകള്‍ തന്നെ ഹാജി സലിമിന്റെ നേതത്വത്തിലുള്ള സംഘം സൃഷ്ടിച്ചിട്ടുണ്ടത്രെ. ലഹരിമരുന്ന് കടത്തിലെ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് ബന്ധങ്ങള്‍ എന്‍ ഐഎയ്ക്ക് വ്യക്തമായിക്കഴിഞ്ഞു. പാകിസ്ഥാന്,അഫ്ഗാനിസ്ഥാന്, ഇറാന്, ശ്രീലങ്ക, മാലിദ്വീപ്, ആസ്ത്രേല്യ, ഇന്ത്യ എന്നിങ്ങനെ പരന്നുകിടക്കുന്നു ലഹരിമരുന്ന് കടത്തിന്റെ വലക്കണ്ണികള്‍. എന്തായാലും ഹാജി സലിമിനെ പിടികൂടിക്കഴിഞ്ഞാല്‍ കൂറെക്കൂടി വിപുലമായ കണ്ണികളെ പിടികൂടാനായേക്കുമെന്നാണ് എന്‍ ഐഎ വിശ്വസിക്കുന്നത്
ശ്രീലങ്കയില്‍ പുതിയൊരു ഉയിര്ത്തെഴുന്നേല്പിന് ശ്രമിക്കുന്ന എല്‍ടിടിഇ അതിനുള്ള പണം സ്വരൂപിക്കാനാണ് ലഹരിക്കടത്തില്‍ പങ്കാളികളാവുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ഹാജി സലിമിന്റെ ശൃംഖലകളുമായി ആയുധവും ലഹരിമരുന്നും ഇറക്കാന്‍ എല്‍ടിടിഇ ശ്രമിച്ചുവരുന്നു. വിഴിഞ്ഞത്ത് 2021 ഏപ്രിലില്‍ പിടികൂടിയ 300 കിലോ ഹെറോയ്നും അഞ്ച് എകെ 47 തോക്കുകളും 1000 റൗണ്ട് തിരകളും കടത്തിയതില്‍ എല്‍ടിടിഇക്കാര്‍ പങ്കാളികളായിരുന്നു. ഇതിന് പിന്നില്‍ ഹാജി സലിമാണ്. ഈ കടത്തുമായി ബന്ധപ്പെട്ട് ദീപ രാജന് രംഗന്, അഞ്ജു എന്നീ എല്‍ടിടിഇ പ്രവര്‍ത്തകരെ തിരഞ്ഞുവരികയാണ്.ശ്രീലങ്കയുമായി ഒപ്പു വെച്ച കരാര്‍ പ്രകാരം ഈ പ്രതികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഈ കേസിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹാജി സലിമിനെ പിടികൂടാന്‍ ഉടനെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ എന്‍ ഐഎ ഇന്റര്‍പോള്‍ സഹായം തേടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നും അറസ്റ്റിലായി എല്‍ടിടിഇ ബന്ധമുള്ള സുരേഷ് രാജിനെ എന്‍ ഐഎ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും സപ്തംബറില്‍ പിടികൂടിയ 20,000 കോടി രൂപയുടെ മയക്കമരുന്ന് കടത്തും വിഴിഞ്ഞം കടത്തും തമ്മിലുള്ള ബന്ധവും എന്‍ ഐഎ കണ്ടെത്തിക്കഴിഞ്ഞു. മുന്ദ്രയില്‍ പിടികൂടിയ മയക്കമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന് വഴിയാണ് എത്തിയത്. തമിഴ്നാട്ടിലെ ദമ്പതികള്‍ മുഖത്തിടാനുള്ള ടാല്‍കം പൗഡര്‍ എന്ന് പറഞ്ഞാണ് കണ്ടെയ്നര്‍ ഇറക്കിയിരുന്നത്. ഈ ദമ്പതികള്‍ക്കും എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന് കരുതുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: