കൂട്ടിക്കല്‍: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച കൂട്ടിക്കലിലും മലയോര പ്രദേശങ്ങളിലും കരുതലിന്റെ ആശ്വാസമേകി സേവാഭാരതി. ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകരാണ് ദുരന്തഭൂമിയില്‍ കൈ, മെയ് മറന്ന് മൂന്നു ദിവസമായി ശുചീകരണ യജ്ഞം തുടരുന്നത്. മലവെള്ളപ്പാച്ചിലില്‍ ചെളിക്കൂമ്പാരമായ നിരവധി വീടുകള്‍ വൃത്തിയാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ഓരോ സംഘമായി തിരിഞ്ഞായിരുന്നു പ്രവര്‍ത്തനം.
കൂട്ടിക്കലിന് പുറമേ ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം നേരിട്ട പ്ലാപ്പള്ളി, എളങ്കാട്, ഏന്തയാര്‍, മുണ്ടക്കയം, പുത്തന്‍ചന്ത എന്നിവിടങ്ങളിലും സേവാഭാരതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ദുരന്തം കൂടുതലുണ്ടായ പ്രദേശങ്ങള്‍ ആറ് പോയിന്റുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനം. ഓരോ പോയിന്റിലേക്കും ഇരുപത്തഞ്ചിലധികം സംഘങ്ങളെത്തി. ഓരോ സംഘത്തിലും അഞ്ചുപേര്‍ പേര് വീതം.
വീടുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ പൊതു സ്ഥാപനങ്ങളും ശുചീകരിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ ശുചീകരണ യജ്ഞം വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. പ്രാദേശികമായി കഴിഞ്ഞ ദിവസങ്ങളില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ശുചീകരണം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തീയ സേവാപ്രമുഖ് എം.സി. വത്സന്, പ്രാന്ത പ്രൗഢ പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി, വിഭാഗ് സംഘ ചാലക് പി.പി. ഗോപി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: