ആലപ്പുഴ: കുട്ടനാട്ടിൽ കൊയ്‌ത്തിനു പാകമായ 400 ഏക്കറോളം പാടത്ത് മട വീണു. ഇന്ന് പുലര്‍ച്ചെ ചെറുതനയിലാണ് സംഭവം. ഇവിടെ നെൽച്ചെടികൾ കൊയ്‌ത്തിന് പാകമായിട്ട് പത്ത് ദിവസം കഴിഞ്ഞിരുന്നു. മഴയും വെള്ളപ്പൊക്കവും കാരണം കൊയ്‌ത്ത് വൈകുകയായിരുന്നു.
കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഇതുവരെ ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്നത്. രണ്ടാം കൃഷിയാണ് നശിച്ചത്. 220 കർഷകരാണ് ഈ പാടശേഖരത്തുള്ളത്. ഇവരുടെ മാസങ്ങളായുള്ള കാത്തിരിപ്പും അധ്വാനവും പ്രതീക്ഷയുമാണ് മിനിറ്റുകൾ കൊണ്ട് തകർന്നത്. മടവീഴ്ച ഉണ്ടായ ഭാഗം അടയ്‌ക്കാനുള്ള ശ്രമത്തിലാണ് കർഷകർ. കഴിഞ്ഞ പ്രളയത്തിലും ഈ പാടശേഖരത്ത് മട വീഴ്ച ഉണ്ടായിരുന്നു.
പുറംബണ്ട് ശക്തിപ്പെടുത്താത്തതാണ് മട വീഴ്ചയ്‌ക്ക് കാരണമെന്ന് കർഷകർ പറയുന്നു. പുറംബണ്ട് ശക്തിപ്പെടുത്തുന്നതടക്കുമുള്ള നിരവധി ആവശ്യങ്ങൾ കർഷകർ അധികാരികൾക്ക് മുന്നിൽ ഉന്നയിച്ചിട്ടും യാതൊരു ഫലവും ഇല്ലാത്ത അവസ്ഥയിലാണ്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വെള്ളമിറങ്ങിതുടങ്ങി എന്നതാണ് ആലപ്പുഴയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: