ഇടുക്കി: അണക്കെട്ട് തുറന്ന് വിടുന്നത് കാണാന്‍ തക്കുടുവും കുടുബവും ചെറുതോണി പാലത്തിലെത്തി. ഓര്മവയ്ക്കാത്ത പ്രായത്തില്‍ ആര്‍ത്തലച്ചെത്തിയ വെള്ളത്തിനിടെ ഏറെ സാഹസികമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ കുട്ടിയുമായി ചെറുതോണി പാലത്തിലൂടെ ഓടിയ കഥ വീണ്ടും വിവരിച്ച് നല്‍കുന്നതിനായി.
ഗാന്ധിനഗര്‍ കോളനിയിലെ കാരക്കാട്ട് പുത്തന്‍വീട്ടില്‍ വിജയരാജിന്റെയും മഞ്ജുവിന്റെയും മകനായ സൂരജ് വിജയരാജ് (തക്കുടു) ആണ് കുരുന്ന്. അന്ന് മൂന്ന് വയസ്സ് മാത്രം പ്രായം. 2018ലെ പ്രളയക്കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ചിത്രമാണ് പനി ബാധിച്ച് അവശനിലയിലെത്തിയ കുരുന്നിനെ ചെറുതോണി പാലത്തിലൂടെ സാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ മറുകരയിലെത്തിച്ചത്.
ഇത്തവണ രണ്ടു ദിവസം മുന്‍പ് തന്നെ തക്കുടു അച്ഛനോട് ഡാം തുറക്കുന്നത് കാണാന്‍ പോകണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. അതുകൊണ്ടാണ് പനിയായിട്ടും കുടുംബസമേതമെത്തിയത്. ചെറുതോണി പാലത്തിന് മുകളില്‍ നില്‍ക്കെ ആ അച്ഛന് മകനോട് 2018 ആഗസ്തിലെ ആ ദിവസം പറഞ്ഞുകൊടുത്തു. ആഗസ്ത് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്ത പനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മകനെയായിരുന്നു. അതിശക്തമായ മഴ വകവയ്ക്കാതെ അവനെയുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി പാലത്തിനടുത്തെത്തി. കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി വേഗത്തില്‍ മറുകര എത്തിച്ചു. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ശേഷം തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്ചയാണ്.
ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതില്‍ താന്‍ വഹിച്ച പങ്കിനെ കുറിച്ചൊന്നും അറിയില്ലെങ്കിലും അണക്കെട്ട് തുറക്കുന്നത് കാണാന്‍ പറ്റിയ സന്തോഷമാണ് തക്കുടുവിന്. ഒരു വയസ്സുകാരി മഞ്ജിമ എന്നൊരു സഹോദരി കൂടിയുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍ തക്കുടു. അന്ന് ഏറെ പേടിച്ചാണ് എത്തിയതെന്നും ഇന്ന് ഭയമില്ലാതെ വെള്ളമൊഴുകുന്നത് കാണാനായെന്നും അച്ഛന് വിജയരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: