തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാര്‍ കറങ്ങിയത് 27 രാജ്യങ്ങളില്‍. സ്വകാര്യ-ഔദ്യോഗിക യാത്രകളില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നില്‍. തൊട്ടുപിന്നില്‍ അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും. മന്ത്രിമാരുടെ യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയത് അരക്കോടി രൂപ. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതില്‍ കടകംപള്ളി സുരേന്ദ്രന് മുഖ്യമന്ത്രിയെയും പിന്നിലാക്കി. പതിനാലു തവണയാണ് പിണറായി വിജയന് വിദേശത്തേക്ക് പറന്നത്. അമേരിക്കയിലേക്ക് മൂന്ന് തവണ പോയി. അതില്‍ ഒരെണ്ണം സ്വകാര്യയാത്രയാണ്. ഒരെണ്ണം ചികിത്സയ്ക്കും. ശേഷിക്കുന്ന ഒരെണ്ണം ഔദ്യോഗിക യാത്രയും ആയിരുന്നു. 2018 ജൂലൈ ഒന്‍പതു മുതല്‍ 17 വരെ ഒമ്പതു ദിവസത്തെ സ്വകാര്യ അമേരിക്കന്‍ യാത്ര എന്തിനു വേണ്ടിയായിരുന്നു എന്നത് വ്യക്തമാക്കിയിട്ടില്ല. യുഎഇ, ബഹറിന്‍, നെതര്‍ലാന്‍ഡ്സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്, ദക്ഷിണകൊറിയ എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിന്നെ സന്ദര്‍ശിച്ചത്. 9.65 ലക്ഷം രൂപ ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്.
കടകംപള്ളി സുരേന്ദ്രന് 13 തവണയാണ് വിവിധ രാജ്യങ്ങളിലേക്ക് പോയത്. വത്തിക്കാന്‍, അമേരിക്ക എന്നിവ കൂടാതെ ദുബായിയിലേക്ക് നടത്തിയ രണ്ട് യാത്രകളും സ്വകാര്യമാണ്. സ്പെയിനും ഖസാക്കിസ്ഥാനും അടക്കമുള്ള ശേഷിക്കുന്ന യാത്രകളെല്ലാം ഔദ്യോഗിക ആവശ്യത്തിനാണ്. സര്‍ക്കാരില്‍ നിന്നും 14.65 ലക്ഷം രൂപ ചെലവാക്കിയായിരുന്നു യാത്ര. ഇ.പി.
ജയരാജന് ഏഴ് തവണയും എ.കെ. ശശീന്ദ്രനും കെ.കെ. ശൈലജയും വി.എസ്. സുനില്‍കുമാറും ആറ് തവണയും വിദേശ രാജ്യങ്ങള്‍ കണ്ട് മടങ്ങി. എ.കെ. ബാലനും കെ.ടി. ജലീലും ധനമന്ത്രി തോമസ് ഐസക്കും അഞ്ച് തവണ വീതവും ടി.പി. രാമകൃഷ്ണന് നാല് തവണയും വിദേശത്തേക്ക് പറന്നു. അഡ്വ. കെ. രാജു മൂന്നും ജി. സുധാകരനും ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയും രണ്ടു തവണയും വിദേശത്ത് പോയി. മാത്യു ടി.തോമസ്, പ്രൊഫ. സി. രവീന്ദ്രനാഥ്, ഇ. ചന്ദ്രശേഖരന്, തോമസ് ചാണ്ടി എന്നിവര്‍ ഓരോ തവണ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
സുനില്‍കുമാര്‍ നടത്തിയ ആറ് യാത്രകളും സ്വകാര്യ യാത്രകളാണ്. ഖത്തര്‍, ദുബായ്, ശ്രീലങ്ക, ഇറ്റലി, ഒമാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു സ്വകാര്യയാത്രകള്‍. ജി. സുധാകരന് ഖത്തറിലേക്കും ദുബായിയിലേക്കും നടത്തിയ യാത്രകളും കെ.രാജു ദുബായിയിലേക്കും ജര്‍മ്മനിയിലേക്കും നടത്തിയ മൂന്ന് യാത്രകളും സ്വകാര്യയാത്രകളാണ്. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും നടത്തിയതും സ്വകാര്യയാത്രകളാണ്. അതേസമയം അന്ന് ജലവിഭവ മന്ത്രിയായിരുന്ന കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്, പി. തിലോത്തമന്, എം.എം. മണി എന്നിവര്‍ വിദേശയാത്ര നടത്തിയിട്ടില്ല.
മന്ത്രിമാര്‍ക്ക് ഏറെ പ്രിയം യുഎഇ ആയിരുന്നു. ഇവിടേക്ക് 28 തവണയാണ് മന്ത്രിമാര്‍ പറന്നിറങ്ങിയത്. എ.കെ. ബാലന്റെ യാത്രയ്ക്കായി 81,750 രൂപയും ജലീലിനായി 1.72 ലക്ഷവും സര്‍ക്കാര്‍ നല്കി. മാത്യു ടി.തോമസ്-3.04ലക്ഷം, തോമസ് ഐസക്ക്- 4 ലക്ഷം, മെഴ്സിക്കുട്ടിയമ്മ-2.61 ലക്ഷം, എ.കെ. ശശീന്ദ്രന്-7.09 ലക്ഷം, കെ.കെ. ശൈലജ-5.62 ലക്ഷം, ഇ.പി. ജയരാജന്-4.45 ലക്ഷം എന്നിങ്ങനെയാണ് യാത്രയ്ക്ക് തുക ചെലവഴിച്ചത്. സ്വകാര്യയാത്രകളുടെ ചെലവ് വഹിച്ചത് സ്വയമോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സ്പോണ്സര് ചെയ്തതുമാകാം. അത്തരം വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: