ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, സെമി കണ്ടക്ടര്‍ തുടങ്ങിയ രംഗങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മത്സരക്ഷമത സൃഷ്ടിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
സ്വകാര്യ മേഖലയുമായി സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഗവണ്മെന്റ് തയ്യാറാണെന്നും ‘ഫ്യൂച്ചര്‍ ടെക് 2021’- (ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അന്താരാഷ്ട്ര സമ്മേളനവും പ്രദര്‍ശനവും) ഉദ്ഘാടന സെഷനില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സാങ്കേതിക മേഖലയില്‍ നിര്‍ണായക ശക്തിയായി ഇന്ത്യയെ മാറ്റാനുള്ള പ്രധാനമന്ത്രിയുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വികസിപ്പിക്കേണ്ട കാര്യക്ഷമതയും കഴിവുകളും വിശദീകരിക്കുന്ന 5 വര്‍ഷത്തെ തന്ത്രപരമായ ഒരു വീക്ഷണ പദ്ധതി ഗവണ്മെന്റ് ഉടന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക മേഖലയിലെ എതിരാളികളുമായി, ഇന്ത്യയെ താരതമ്യപ്പെടുത്തുമ്പോള്‍, മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ മുന്നോട്ടുപോകാന്‍ കഴിയുന്ന അവസ്ഥയിലാണ് ഇന്ത്യ. ലോകത്തിന്റെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷന്, സെമി കണ്ടക്ടര്‍ മേഖലയില്‍ ഹാര്ഡ്വെയര് അധിഷ്ഠിത പ്രവര്‍ത്തനത്തില്‍ നിന്നും അടുത്ത തലമുറയിലെ കമ്പ്യൂട്ടിംഗ് & കമ്മ്യൂണിക്കേഷന്‍ എന്നിവയിലേക്കായി നൂതനമായ രൂപകല്പന, പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ ആഴത്തിലുള്ള സാങ്കേതിക കഴിവ് തുടങ്ങിയ ഘടകങ്ങള്‍ ഇതിന് കാരണമായി.
സാങ്കേതിക മേഖലയില്‍ ഒരു സുപ്രധാന ശക്തിയായി ഇന്ത്യയെ മാറ്റാനാവശ്യമായ ഒരു മാര്‍ഗരേഖ തയ്യാറാക്കാന്‍ എല്ലാത്തരം കൂടിയാലോചനകള്‍ക്കും ഗവണ്മെന്റ് തയ്യാറാണ്. രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ സമ്പദ്വ്യവസ്ഥയെയും, അതിനുള്ളിലെ പൊതുസേവനങ്ങളെയും ഡിജിറ്റൈസ് ചെയ്യുന്നതില്‍ വളരെയധികം മുന്നേറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ ഇത് സഹായിച്ചു. സാങ്കേതിക മേഖലയില്‍ ഒരു മാസം 65ബില്യണ്‍ഡോളര്‍ എന്ന നിരക്കില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഒരു മാസത്തില്‍ 2 എന്ന നിരക്കില്‍ യൂണികോണുകള്‍ സൃഷ്ടിക്കാനായതായും അദ്ദേഹം പറഞ്ഞു.
സിഐഐ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി 2021 ഒക്ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. ‘നമുക്കെല്ലാവര്‍ക്കും വിശ്വസിക്കാവുന്ന, ഭാവിയിലേക്കുള്ള സാങ്കേതിക വിദ്യകള്‍’ എന്ന ആശയത്തെ ആസ്പദമാക്കി നയതന്ത്രം, വളര്‍ച്ച, പുനരുജ്ജീവനം, ഉള്‍ക്കൊള്ളല്‍, വിശ്വാസം എന്നീ പഞ്ചസ്തംഭങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. സംരംഭകര്‍, വ്യവസായ പ്രമുഖര്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭാഗമാകുന്ന അന്താരാഷ്ട്ര സമ്മേളനം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പ്രയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: