കോഴിക്കോടും തിരുവനന്തപുരവും പഴക്കവും പാരമ്പര്യവുമുള്ള നഗരസഭകളാണ്. കേരളത്തിലെ ആദ്യ നഗരസഭയാണ് തിരുവനന്തപുരം. പഴക്കമേറെയുണ്ട് കോഴിക്കോടിന്. പറഞ്ഞിട്ടെന്തുഫലം. രണ്ടിടത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും സന്തോഷം പകരുന്നതല്ല. കോഴിക്കോട് നഗരത്തില്‍ പല സ്ഥലത്തും അനധികൃതകെട്ടിടങ്ങള്‍. ഒന്നും തന്നെ നിര്‍മാണത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. നിബന്ധനകള്‍ കാറ്റില്‍ പറത്തുന്നു. ഏറ്റവും ഒടുവില്‍ കണ്ടെത്തിയ വിവരങ്ങള്‍ അത്ഭുതപ്പെടുത്തും. മിഠായിത്തെരുവിലടക്കം തീപിടിക്കുന്നത് നിര്‍മാണത്തിലെ അപാകം കൊണ്ടാണ്. അതെങ്ങനെ സംഭവിക്കുന്നു എന്നതന്വേഷിച്ചുപോയാല് കുംഭകോണങ്ങളുടെ കെട്ടുനാറിയ കഥകള്‍ വെളിച്ചത്തുവരുമെന്നുറപ്പ്.
കുംഭകോണത്തേക്കാള്‍ അശ്ലീലമാണ് തിരുവനന്തപുരത്തിന്റെ കഥ. ഒന്നരമാസത്തിലധികമായി ബിജെപി നയിക്കുന്ന പ്രതിപക്ഷവും ജനങ്ങളും സമരത്തിലാണ്. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത നികുതിപ്പണം യഥാസ്ഥാനത്തെത്താതെ പടലയോടെ വിഴുങ്ങിയ ഉദ്യോഗസ്ഥരുടെയും അവരെ സംരക്ഷിക്കുന്ന നഗരഭരണക്കാരും നിലവിലെ മേയറും പഴയമേയര്‍മാരുമെല്ലാം തീവെട്ടിക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം.
ബിജെപി കൗണ്‍സിലര്‍മാര്‍ കോര്പ്പറേഷന് ഓഫീസിനുള്ളില്‍ മൂന്നാഴ്ചയായി തുടരുന്ന രാപ്പകല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച ഉപരോധം സംഘടിപ്പിച്ചിരുന്നു. വീട്ടുകരം അടച്ചവര്‍ക്ക് വീണ്ടും കരമടയ്ക്കാന്‍ നോട്ടീസ് വരുന്ന സവിശേഷ സാഹചര്യമാണ് തിരുവനന്തപുരം കോര്പ്പറേഷന് നിവാസികള്‍ക്ക് നേരിടേണ്ടി വരുന്നത്. ഇതോടെയാണ് കള്ളി വെളിച്ചത്തായത്. മൂന്നു സോണലുകളില്‍ അന്വേഷണം നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. കോര്പ്പറേഷന് കീഴിലെ 11 സോണലുകളില്‍ അന്വേഷണം വ്യാപിപ്പിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തുവരും. സംസ്ഥാനത്തെ ഇടതുപക്ഷം ഭരിക്കുന്ന എല്ലാ തദേശസ്ഥാപനങ്ങളിലും അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുകയാണ്. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥ ശാന്തിക്കെതിരെ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ചിലരെ സസ്പെന്റ് ചെയ്തെങ്കിലും കേസെടുത്തില്ലെന്നതാണ് വിചിത്രം.
സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ തിരുവനന്തപുരം നഗരസഭ ആസ്ഥാനം ഇന്ന് സമരമുഖമാണ്. യോഗങ്ങളില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് പോലും ഭരണക്കാര്‍ തയ്യാറാകുന്നില്ല. പാവപ്പെട്ട പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ തട്ടിയെടുത്ത നിരവധി സംഭവങ്ങള്‍ ഒരുവശത്ത്. അഴിമതിയും കെടുകാര്യസ്ഥതയും അലംഭാവവും ആയിരിക്കുന്നു നഗരഭരണത്തിന്റെ മുഖമുദ്ര. എത്ര പറഞ്ഞിട്ടും ഒരു ഫലവുമില്ല.
ചെറുപ്പക്കാരിയായ മേയറെ അവരോധിച്ചു എന്ന് വീമ്പ് നടിക്കുമ്പോഴാണ് അഴിമതിയുടെ കുത്തൊഴുക്ക് ഉണ്ടായിരിക്കുന്നത്. നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാന്‍ വാഹനം വാടകയ്ക്ക് എടുത്തതിന്റെ പേരില്‍ അഴിമതി, ഹിറ്റാച്ചി അഴിമതി, മൊബൈല്‍ മോര്‍ച്ചറി, ഫിക്സഡ് ഡെപ്പോസിറ്റ്, ഇടയാര്‍ ഭൂമി തട്ടിപ്പ്, ഉറവിട മാലിന്യ സംസ്കരണം, വീട്ടുകരം തട്ടിയെടുക്കല്‍, പട്ടികജാതി ക്ഷേമനിധി തട്ടിയെടുക്കല്‍, വാഹനക്രമക്കേട് തുടങ്ങിയവ പൊതു ജനസമക്ഷം ഉയര്‍ത്തികൊണ്ടു വന്ന അഴിമതികളാണ്. സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ പല അഴിമതികളും മൂടിവയ്ക്കാനാണ് കഴിഞ്ഞ ഒമ്പതു മാസവും കോര്‍പ്പറേഷനിലെ ഭരണ നേതൃത്വം ശ്രമിച്ചത്. നഗരസഭയിലെ അഴിമതിക്കഥ അനുദിനം പുറത്തുവന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതുവരെ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ആരോപണ വിധേയരായവര്‍ സ്വന്തം കക്ഷി യൂണിയന്‍കാരാണെന്നതിനാല്‍ അവരെ സംരക്ഷിക്കാനും സഹായിക്കാനുമാണ് ശ്രമിക്കുന്നത്.
നഗരസഭയുടെ ആസ്തി സംരക്ഷണവും റവന്യൂ വരുമാനവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ നല്കിയ നോട്ടീസിനെ തുടര്‍ന്ന് വിളിച്ചു കൂട്ടിയ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചതോടെയാണ് പൊതുജനം തട്ടിപ്പു വിവരങ്ങള്‍ അറിയുന്നത്. വിഷയം ചര്‍ച്ച ചെയ്യാതെ മേയര്‍ ഒളിച്ചോടി. മേയര്‍ക്കും പാര്‍ട്ടിക്കും പലതും ഒളിക്കാനുള്ളതുകൊണ്ടും വിഷയം പൊതു ചര്‍ച്ചയ്ക്കു വന്നാല്‍ പലതിനും മറുപടിയില്ലാത്തതിനാലുമാണ് ഈ ഒളിച്ചോട്ടമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ രണ്ട് സോണല്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ അരക്കോടി രൂപയോളം വെട്ടിപ്പുനടത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നില്ല. നഗരസഭയുടെ ആസ്തി സംബന്ധിച്ച രജിസ്റ്ററും വരവു-ചെലവുകണക്കുകളും വ്യക്തമാക്കാന്‍ നഗരസഭ ഭരണനേതൃത്വത്തിന് കഴിയാത്ത സാഹചര്യം. ഇത്രയൊക്കെയായിട്ടും സമഗ്രമായ അന്വേഷണമില്ല. നടപടിയില്ല. അപ്പോഴാണ് ചോദിച്ചുപോകുന്നത് നഗരഭരണം നിരീക്ഷിക്കാന്‍ മന്ത്രിയുണ്ടോ? സംസ്ഥാനത്ത് ഒരു മന്ത്രിസഭയുണ്ടോ? അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് വീമ്പ് പറഞ്ഞവരുടെ ദയനീയ മുഖമാണിപ്പോള്‍ തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: