കോഴിക്കോട്: ആശ്രിതര്‍ക്ക് നിക്ഷേപത്തുക നല്‍കാത്ത ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. മരിച്ച ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം കിട്ടാന്‍ തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ഉപേക്ഷ വരുത്തിയതിനാണ് നടപടി. കോഴിക്കോട് കണ്ണൂര്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ക്കെതിരെയാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2020 ഒക്ടോബര്‍ രണ്ടിന് മരിച്ച ഡോ.പാവൂര്‍ ശശീന്ദ്രന്റെ ഭാര്യ ഇ.കെ. ഗീതാഭായ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭര്‍ത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാനെത്തി. ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം ഗീതാഭായ് തഹസില്‍ദാര്‍ നല്കിയ ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇതോടെ, 40 ലക്ഷത്തിന്റെ സ്വത്തുള്ള രണ്ട് പേരുടെ ജാമ്യവും ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. റയില്‍വേയില്‍ നിന്ന് വിരമിച്ച പരാതിക്കാരിയുടെ പെന്ഷന് ഇതേ ബാങ്കിന്റെ മാനാഞ്ചിറ ശാഖയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണത്തിന് വേണ്ടി അലയുന്ന തന്റെ അഭിമാനത്തിന് ബാങ്ക് ക്ഷയം വരുത്തിയതായി പരാതിക്കാരി അറിയിച്ചു.
പണം നല്കണമെങ്കില് 40 ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്ന ബാങ്കിന്റെ നിലപാട് ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ജാമ്യക്കാരെ ആവശ്യപ്പെടുന്ന ബാങ്കിന്റെ നടപടി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്ന് കമ്മീഷന് എസ്ബിഐ കണ്ണൂര്‍ റോഡ് ബ്രാഞ്ച് ചീഫ് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്കി. കോഴിക്കോട് റീജ്യണല്‍ മാനേജരും ഇത് സംബന്ധിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം.
ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്തുവകകളുടെ നിയമപരമായ പിന്തുടര്ച്ചാവകാശം അയാളുടെ അവകാശികള്‍ക്കാണെന്ന ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമത്തിലെ വ്യവസ്ഥ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. ബാങ്കിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നത് പ്രഥമദൃഷ്ട്യാ അവകാശ ലംഘനമാണ്. ഗസറ്റ് നോട്ടിഫിക്കേഷന്‍ ശേഷം റവന്യൂ വകുപ്പ് നല്കുന്ന ലീഗല്‍ ഹയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ബാങ്ക് തങ്ങളുടെ അധികാരപരിധി മറികടന്നു. ജാമ്യം നില്ക്കാന് ജനങ്ങള്‍ മടിക്കുന്ന ഇക്കാലത്ത് അതിനായി അലയുന്നത് അഭിമാനക്ഷതമാണെന്ന് പരാതിക്കാരി കരുതിയാല്‍ അതില്‍ തെറ്റു പറയാനാവില്ല. പരാതിക്കാരി ബാങ്കിനോട് ചോദിക്കുന്നത് അവരുടെ പണമാണ്. വായ്പയല്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: