കണ്ണൂര്‍: തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് ഡോ. എം.ആര്‍. രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ നീക്കം. പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞമാസമാണ് അവസാനിച്ചത്. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഡോ. വാര്യരെ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. വ്യാജ ശബരിമലച്ചെമ്പോല വ്യാഖ്യാനിച്ച് വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചത് ഡോ. രാഘവവാര്യരിലൂടെയായിരുന്നു. ആ ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് നിയമസഭയില്‍ സമ്മതിക്കേണ്ടിയും വന്നു. ഇതിനിടയിലാണ് പൈതൃക പഠനകേന്ദ്രം ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്.
ഡയറക്ടര്‍ സ്ഥാനത്ത് രാഘവവാര്യരെ വീണ്ടും കൊണ്ടുവരാന്‍ വ്യാജച്ചെമ്പോലയെ ന്യായീകരിച്ചവരുണ്ട്. പാര്‍ട്ടിക്കുവേണ്ടി ബലിയാടാകേണ്ടി വന്ന ഗവേഷകന് സമുന്നതസ്ഥാനം നിലനിര്‍ത്തി നല്‍കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഡോ. സുനില്‍ ഇളയിടത്തെപ്പോലുള്ളവര്‍ രാഘവവാര്യര്‍ക്കുവേണ്ടി രംഗത്തുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ സിപിഎം ബുദ്ധിജീവികള്‍ രണ്ടുതട്ടിലാണ്. രാഘവവാര്യരുടെ പ്രായാധിക്യം കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റണമെന്നാണ് ഒരുവിഭാഗം പറയുന്നത്. പുനര്‍നിയമനം സര്‍ക്കാരിന് പേരുദോഷമുണ്ടാക്കുമെന്നും അവര്‍ പറയുന്നു.
വി.എസ്. അച്യുതാനന്ദനൊപ്പമുണ്ടായിരുന്ന പഴയ ബുദ്ധിജീവികള്‍ വാര്യരെ നിയമിക്കുന്നതില്‍ വിയോജിപ്പറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാവും. എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും ഇടതു ചരിത്രകാരനുമായ ഡോ. കെ.എന്‍. ഗണേഷിന്റെ പേരാണ് പകരം നിര്‍ദേശിച്ചത്. ഡോ. രാജന്‍ ഗുരുക്കളുടെ പേരാണ് വാര്യര്‍ പറയുന്നത്. ഇപ്പോള്‍ തീരദേശ പഠനകേന്ദ്രം ഡയറക്ടറായ ഡോ. കേശവന്‍ വെളുത്താട്ടിനെ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ശിഷ്യരും രംഗത്തുണ്ട്.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായ ഡോ. കുഞ്ഞികൃഷ്ണന്റെ പേരും പരിഗണനയിലുണ്ട്. പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നോമിനികളും രംഗത്ത് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: