ജറുസലേം: എണ്ണൂറ് കൊല്ലത്തെ ഹൃദയബന്ധം ഓര്‍മ്മിപ്പിച്ച് ഇസ്രയേലിന്റെ മണ്ണില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പൊക്കിള്‍ക്കൊടി ബന്ധമാണ് ഇരു രാജ്യങ്ങളെയും ജനസമൂഹങ്ങള്‍ തമ്മിലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ജൂതപാരമ്പര്യവും പ്രസംഗത്തില്‍ വിഷയമായി. ജറുസലേമില്‍ ഇന്ത്യന്‍ ജൂതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറ്റാണ്ടുകള്‍ നീണ്ട സാഹോദര്യത്തെ ഇടമുറിയാതെ നിര്‍ത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധമാണെന്ന് ജയശങ്കര്‍ പറഞ്ഞു. മാലിദ അനുഷ്ഠാനങ്ങളും മംഗളസൂത്രവും മെഹന്തിയും മുല്ലമാലകള്‍ കൊണ്ട് തോറകള്‍ അലങ്കരിക്കുന്നതും കൊച്ചിയിലെ ജൂതസമൂഹവുമൊക്കെ ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ഐക്യത്തിന്റെ അടയാളങ്ങളാണ്.
‘ജറുസലേമുമായുള്ള ഇന്ത്യയുടെ ബന്ധം 800 വര്‍ഷം പഴക്കമുള്ളതാണ്. സൂഫി സംന്യാസിമാരില്‍ ഒരാളായ ബാബ ഫരീദ്, ജറുസലേമിലെ നഗര മതിലുകള്‍ക്കുള്ളിലെ ഒരു ഗുഹയില്‍ ധ്യാനിച്ചു. ഈ സ്ഥലം പിന്നീട് ഒരു ആരാധനാലയവും തീര്‍ത്ഥാടന കേന്ദ്രവുമായി മാറി. സിനഗോഗില്‍ പ്രവേശിക്കുന്നതിനു മുമ്പ് ചെരിപ്പ് അഴിച്ചുവയ്ക്കുന്ന ഭാരതീയശൈലി ഇസ്രയേലി ജനത സ്വീകരിച്ചു. ഓണം, ഹോളി, ദീപാവലി തുടങ്ങിയ ഉത്സവങ്ങളൊക്കെ ഇസ്രയേലും ആഘോഷിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ ഇന്ത്യന്‍ ജൂതന്മാരുടെ സംഭാവനകള്‍ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ജറുസലേമിലെ താല്‍പിയോട്ടില്‍, ഒന്നാം ലോകമഹായുദ്ധത്തില്‍ ബലിദാനികളായ ഇന്ത്യന്‍ സൈനികരുടെ സ്മൃതികുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണ് എസ്. ജയശങ്കര്‍ അഞ്ച് ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: