ഇടുക്കി: പ്രളയഭീതിയുടേയും ഉരുള്‍പൊട്ടലിന്റേയും മുന്നില്‍ നിന്ന് കേരളം വീണ്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ജനപിന്തുണയോടെ നടപ്പാക്കണമെന്ന റിപ്പോര്‍ട്ടിനെതിരെ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനമാണ് കേരളം.
പശ്ചിമഘട്ടത്തിലെ പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥ മാറ്റവുമാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. 2018ലെ പ്രളയത്തിന് ശേഷം നിനച്ചിരിക്കാതെ എത്തിയ അതിതീവ്രമഴയെ തുടര്‍ന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകനാശമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം നിരവധി ജീവനുകള്‍ നഷ്ടമായി, നൂറുകണക്കിന് വീടുകള്‍ വെള്ളം കയറിയും നശിച്ചു.
പ്രൊഫ. മാധവ് ഗാഡ്ഗില്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2011 ആഗസ്ത് 11ന്. പശ്ചിമഘട്ടമേഖലയെ നാലായി തിരിച്ചാണ് പ്രത്യേക നിര്‍ദേശങ്ങളടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇക്കോ സെന്‍സിറ്റീവ് സോണ്‍-1, 2, 3, നിലവിലുള്ള സംരക്ഷിത ഏരിയ എന്നിങ്ങനെ നാല് തരത്തിലായിരുന്നു അവ. പാരിസ്ഥിതികമായി അതീവ ലോല പ്രദേശം, ലോല പ്രദേശം, താരതമ്യേനേ ലോലതയുള്ള പ്രദേശം, വന്യജീവി സംരക്ഷണ നിയമ പ്രകാരം നിലവില്‍ സംരക്ഷിക്കപ്പെടുന്ന മേഖല എന്നിങ്ങനെ.
ഇക്കോ സെന്‍സിറ്റീവ് സോണ്‍ ഒന്നില്‍പ്പെട്ട പ്രദേശങ്ങളാണ് ഇടുക്കിയിലെ കൊക്കയാറും കോട്ടയത്തെ കൂട്ടിക്കലും. പെരുവന്താനത്തിന്റെ 75 ശതമാനം ഭാഗവും മുണ്ടക്കയം പഞ്ചായത്തിലെ പാതിയോളം മേഖലയും സോണ്‍ ഒന്നില്‍പ്പെട്ടതാണ്. മുണ്ടക്കയത്തെ അവശേഷിക്കുന്ന ഭാഗത്തിന്റെ പാതി സംരക്ഷിത മേഖലയും ബാക്കി പാതി സോണ്‍ രണ്ടില്പ്പെട്ടതുമാണ്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിലും സോണ്‍ ഒന്നില്‍പ്പെട്ട സ്ഥലങ്ങളുണ്ട്. സോണ്‍ 2,3 ലും ഉള്‍പ്പെടാത്ത ഏക ജില്ല ആലപ്പുഴ മാത്രമാണ്. ഓരോ മേഖലയിലും ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായി വിശദ വിവരങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കര്ഷകര്ക്കെതിരെന്ന വാദമുയര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഇടുക്കിയിലടക്കം ഉയര്‍ന്നത്. ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും കേരളത്തില്‍ ആരും തയ്യാറല്ല. ദുരന്തമുണ്ടാകുമ്പോള്‍ മാത്രം ദൈവമേ എന്ന് വിളിക്കുന്നത് പോലെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഇപ്പോള്‍ ജനം കാണുന്നതെന്ന് പരിസ്ഥിതി പ്രവര്ത്തകന് എം.എന്‍. ജയചന്ദ്രന് ജന്മഭൂമിയോട് പറഞ്ഞു.
സോണ്‍ 1,2,3ല്‍ പ്രൊഫ. ഗാഡ്ഗില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍
ജനിതകമാറ്റം വരുത്തിയ കാര്‍ഷിക വിളകള്‍ ഉപയോഗിക്കാന്‍ പാടില്ല, കടകളില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലാവധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിര്‍ത്തിലാക്കണം, ഭൂവിനിയോഗം, കെട്ടിടനിര്‍മാണം, തുറസായ സ്ഥലത്തിന്റെ സംരക്ഷണവും വികസനവും, മലിനജല സംസ്കരണം, തദ്ദേശീയ തലത്തില്‍ ജല സംരക്ഷണം, ജൈവകൃഷിരീതി പ്രോത്സാഹനം, മണ്ണൊലിപ്പ് തടയാനായി മലഞ്ചെരുവില്‍ 30 ശതമാനം കൂടുതല്‍ ചെരുവുള്ള പ്രദേശത്ത് തന്നാണ്ട് കൃഷികള്‍ പാടില്ല. മൃഗസംരക്ഷണം, മത്സ്യസമ്പത്ത് സംരക്ഷിക്കണം, വനവത്കരണം, കീടനാശിനി, കളനാശിനി എന്നിവ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു പ്രധാന നിര്‍ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: