ന്യൂദൽഹി: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും കൊവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ് നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ തീരുമാനം 18 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ ലഭ്യതയും മൊത്തത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനത്തിലുമായിരിക്കുമെന്ന് കോവിഡ് പ്രതിരോധ വിഭാഗം (ടാസ്‌ക് ഫോഴ്‌സ്) മേധാവി വി കെ പോള്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് കേസുകളും രണ്ടാം തരംഗത്തിന്റെ തീവ്രതയും കുറഞ്ഞു വരുന്നുണ്ടെങ്കിലും കൊവിഡിന്റെ വ്യാപ്തി അവസാനിക്കുന്നുവെന്ന് പറയാനാകില്ല. കാരണം ഒരുപാട് രാജ്യങ്ങളില്‍ ഇതിനോടകം തന്നെ കൊവിഡിന്റെ മൂന്നാം തരംഗം വ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും പോള്‍ ഓര്‍മ്മിപ്പിച്ചു. നിലവില്‍ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൈകോവ്-ഡി (Zy-CoV-D) വാക്‌സിന്‍ മാത്രമാണ് 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.
മറ്റു പല രാജ്യങ്ങളും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ശാസ്ത്രീയ അടിസ്ഥാനത്തെയും കുട്ടികള്‍ക്കള്‍ക്കുള്ള വാക്‌സിന്‍ ലഭ്യതയെയും അടിസ്ഥാനമാക്കി മാത്രമേ കുട്ടികളുടെ വാക്‌സിന്‍ സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളുവെന്നും പോള്‍ അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് 2 വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളില്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്ര ഡ്രഗ് അതോററ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
വാക്‌സിനുകളുടെ വിതരണവും ഫലങ്ങളുടെ സാധ്യതകളെയും പരിഗണിച്ചുകൊണ്ടു മാത്രമേ കുട്ടികളിലെയും കൗമാരക്കാരിലെയും വാക്‌സിന്‍ നയത്തില്‍ ഒരു പ്രായോഗിക തീരുമാനം എടുക്കാനാകുകയുള്ളുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ‘കുട്ടികളിലെ വാക്‌സിനേഷന്‍ എന്ന് തുടങ്ങുമെന്ന് പറയുകയെന്നത് ഇപ്പോള്‍ സാധ്യമല്ല. സൈഡസ് കാഡില വാക്‌സിന്‍ ഉപയോഗിച്ച് കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിന്റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ നടന്നു കഴിഞ്ഞു. അധികം വൈകാതെ തന്നെ ഇത് തുടങ്ങും.’ – വി കെ പോള്‍ ഉറപ്പു നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: