തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളികളിൽ നിന്നും 56.23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരാണ് ഇവർ. ഞായറാഴ്ച രാവിലെ 8.25നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൃത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ കൈവശമുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ എക്സ്രേ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സ്വര്‍ണം ശൗചാലയത്തില്‍ ഉണ്ടെന്ന വിവരം ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും തൊഴിലാളികളില്‍ ഒരാള്‍ക്ക് സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കറുത്ത ടേപ്പുപയോഗിച്ച് പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തൊഴിലാളികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ അടക്കമുള്ളവ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: