ആലപ്പുഴ: അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി. നുറിലേറെ വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. മിക്കവരെയും ക്യാമ്പുകളിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി സര്‍വീസുകളും നിര്‍ത്തിവച്ചു. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെഎസ്ആര്‍സി സര്‍വീസ് നടത്തുന്നില്ല.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെയാണ് അപ്പര്‍കുട്ടനാട് വെള്ളത്തിനടിയിലായത്. പെരുമഴയിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും അപ്പര്‍ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതാണ് പ്രളയഭീതി ഇരട്ടിച്ചത്. ചെന്നിത്തല പടിഞ്ഞാറെ വഴി ഇഞ്ചക്കത്തറ കോളനി മുങ്ങി. ഇവിടെയുള്ള ഏക റോഡിലെ ശുദ്ധജല ടാപ്പുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ കുടിവെള്ളവും മുട്ടി.
ജലനിരപ്പ് അപകട നിലയിലാണ് ഉയരുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റി പാര്‍പ്പിക്കാന്‍ തുടങ്ങി. ജനപ്രതിനിധികളും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലാണ്. ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. പമ്പാനദിയിലേയും മണിമലയാറ്റിലേയും ജലനിരപ്പ് അപകട നിലയില്‍ ഉയരുന്നു. 24 മണിക്കൂറിനുള്ളില്‍ നദികളിലെ ജലനിരപ്പ് രണ്ടുമീറ്ററോളം ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. നെടുമ്പ്രം, നിരണം, മുട്ടാര്‍, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: