ഇടുക്കി: സംസ്ഥാനത്ത് അടുത്തിടെ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് പീരുമേട്ടില്‍ കഴിഞ്ഞ ദിവസം ലഭിച്ചത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പീരുമേട്ടിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 30.55 സെ.മീ. മഴയാണ്.
കാഞ്ഞിരപ്പള്ളി- 27, തൊടുപുഴ- 20.4, ആര്യങ്കാവ്- 17, പൂഞ്ഞാര്‍- 17, ചെറുതോണി- 16.3, പൂഞ്ഞാര്‍- 16.5, ചാലക്കുടി- 15.15 സീതത്തോട്- 14.45, പന്നിയൂര്‍- 14.05, ഇരിക്കൂര്‍- 14, മൂവാറ്റുപുഴ- 13.35, നീലേശ്വരം- 13.15, തെന്മല- 10.65, കോന്നി- 10.4, കക്കയം- 10.05 സെ.മീ. എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയ കൂടിയ മഴ. ഇതിന് മുമ്പ് 2018ല്‍ നീലേശ്വരത്തും 2019ല്‍ ആലത്തൂരിലും 40 സെ.മീ. വീതം മഴ രേഖപ്പെടുത്തിയിരുന്നു. ഈ കാലവര്‍ഷ സീസണില്‍ ഇതുവരെ ലഭിക്കാത്ത മഴ അവസാന ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്തിറങ്ങിയതാണ് മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായത്.
നേരത്തെ ഇത് സംബന്ധിച്ച് കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെയും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടേയും പ്രവചനമുണ്ടായിരുന്നെങ്കിലും ആരും ഇത് മുഖവിലക്കെടുത്തില്ല. തൃശ്ശൂര്‍ മുതല്‍ പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപമെടുത്ത കൂമ്പാരമേഘങ്ങളാണ് ലഘുമേഘ വിസ്ഫോടനമായി അതിശക്തമായ മഴയായത്. ഇതില്‍ ചിലയിടങ്ങളില്‍ മുകളിലെ കണക്കുകളിലും അധികം മഴ ലഭിച്ചതായി സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ സഹിതം തെളിവായി കാട്ടി കുസാറ്റ് പുറത്തുവിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: